സ്വന്തം ലേഖകൻ
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായ സര്‍വേ തടസപ്പെടുത്തിയവര്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പദ്ധതിക്കുവേണ്ടി സാമൂഹ്യാഘാത സര്‍വേ നടത്തി കെ- റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരേ കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ സര്‍വേയോ മറ്റു നടപടികളോ ഇനി പ്രസക്തമല്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.
കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നേരത്തേ സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന്, ഹര്‍ജി പരിഗണിക്കവേ ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു.
സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താല്‍ ജനങ്ങള്‍ക്കു നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി, പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
കേസുകള്‍ പിന്‍വലിച്ചാല്‍ സമൂഹത്തില്‍ അല്പം സമാധാനമുണ്ടാകും. എന്നാല്‍, സര്‍ക്കാര്‍ തയാറല്ല. തലയ്ക്കു മുകളില്‍ കേസുകള്‍ വാളുപോലെ തൂങ്ങിനിന്നാലേ ഇനിയും സര്‍വേ നടത്താനാവൂ എന്നാണു സര്‍ക്കാര്‍ കരുതുന്നത്.
പോര്‍വിളിച്ചല്ല, ജനങ്ങളെ ഒപ്പം നിറുത്തിയാണു പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതി എവിടെ തുടങ്ങി എവിടെയെത്തിയെന്നു നോക്കൂ-ഹൈക്കോടതി പറഞ്ഞു.
ഷേക്സ്പിയറിന്റെ “മച്ച് ആഡോ എബൗട്ട് നത്തിംഗ്'(കാര്യമില്ലാത്ത ബഹളം) എന്ന ഹാസ്യനാടകത്തിലേതുപോലെ കാര്യമില്ലാത്തതായി ഇതു മാറിയെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍വേയ്ക്കോ ഭൂമി ഏറ്റെടുക്കാനോ സര്‍ക്കാര്‍ തുടര്‍ നടപടിയെടുത്താല്‍ ഹര്‍ജിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
സര്‍വേ ഡയറക്ടര്‍ ഉത്തരവു മറികടന്ന് കെ-റെയില്‍ കുറ്റികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി.
എങ്കിലും അതില്‍ തുടര്നടപടിയെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. മഞ്ഞക്കല്ലുകളുമായി ഉദ്യോഗസ്ഥര്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്നതായിരുന്നു സ്ഥിതി.
ഇതുകൊണ്ടൊക്കെ എന്തു നേടി? ഡിപിആറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സാമൂഹ്യാഘാത പഠനവും സര്‍വേയും എന്തിനാണ്? പദ്ധതിയുടെ അലൈന്മെന്റ് മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ ഇതൊക്കെ വെറുതെയാവില്ലേ? സില്‍വര്‍ലൈന്‍ പദ്ധതിയെന്ന ആശയം നല്ലതാണ്.
പക്ഷേ, അതു ശരിയായ വിധത്തില്‍ നടപ്പാക്കേണ്ടിയിരുന്നു. കോടതി ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്കിയപ്പോള് സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി -സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.