തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സർവേ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈനിനെതിരേ പ്രതിഷേധം നടത്തിയവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ചില പ്രത്യേക ഇടപെടലുകൾക്ക് വഴങ്ങിയാണ് അനുമതി നൽകാതിരിക്കുന്നത്. ഏത് ഘട്ടത്തിലായാലും കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും അനുയോജ്യമാണ്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവേയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയിൽ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.