തളിപ്പറമ്പ്: യുവകര്‍ഷക അവാര്‍ഡ് ജേതാവ് ബക്കളം തട്ടുപറമ്പിലെ കെ.വി.സിമി പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെ ഇത്തവണ സ്വന്തമായി ഉത്പാദിപ്പിച്ചത് 20,000 കുരുമുളക് വള്ളികള്‍. വീടിനോടുചേർന്ന സ്ഥലത്താണ് പന്നിയൂര്‍ ഒന്ന്, രണ്ട് ഇനം കുരുമുളക് വള്ളികള്‍ തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രമുഖ കുരുമുളകു തോട്ടങ്ങളില്‍നിന്ന് ശേഖരിച്ച വിത്തുവള്ളികളാണ് തൈകള്‍ തയാറാക്കാൻ ഉപയോഗിച്ചത്. മണ്ണും വളവും ചേര്‍ത്ത പോളിത്തീന്‍ ബാഗുകളില്‍ നാല് തൈകളാണ് വേരുപിടിപ്പിച്ചെടുത്തിരിക്കുന്നത്.
മൂന്നുവര്‍ഷം പ്രായമായതും തുടര്‍ച്ചയായി മികച്ച വിളവ് തരുന്നതും നീണ്ട തിരികളുള്ളതും രോഗബാധയേല്ക്കാത്തതുമായ മാതൃവള്ളിയാണ് വിത്തുവള്ളികൾ ശേഖരിക്കാനായി തെരഞ്ഞെടുക്കുന്നത്. കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍നിന്നുവരെ വിത്തുവള്ളികള് ഉണ്ടാകുന്നുണ്ട്. ഇവ മണ്ണിലേക്കു പടര്‍ന്ന് വേരുപിടിക്കാതിരിക്കാന്‍ ചുരുട്ടിക്കെട്ടി വയ്ക്കും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കംചെയ്ത് രണ്ടോ മൂന്നോ മുകുളങ്ങളുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളില്‍ നട്ട് വേരുപിടിപ്പിച്ചെടുക്കുന്നത്.
ഇപ്പോഴും കുരുമുളക് കര്‍ഷകര്‍ താത്പര്യപൂര്‍വം നടുന്നത് 1966 ല്‍ വികസിപ്പെടുത്ത പന്നിയൂര്‍ ഒന്ന് ഇനം തന്നെയാണെന്ന് സിമി പറയുന്നു. ഇതുവരെ ഒന്‍പതിനം പന്നിയൂര്‍ വള്ളികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കര്‍ഷകതാത്പര്യം മനസിലാക്കിയാണ് പന്നിയൂര്‍ ഒന്നും രണ്ടും ഇനങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ സിമി തയാറായത്.
തിരുവിതാംകൂര്‍ നാടന്‍ ഇനമായ ചെറിയകാണിക്കാടനും മലബാര്‍ ഇനമായ ഉതിരന്‍ കൊട്ടയും സംയോജിപ്പിച്ചാണ് തുറസായ സ്ഥലങ്ങളില്‍ കൃഷിചെയ്യാവുന്ന പന്നിയൂര്‍ ഒന്ന് വികസിപ്പിച്ചെടുത്തത്. തണല്‍ ആവശ്യമില്ലാത്ത ഇതിന് ഹെക്ടര്‍ ഒന്നിന് 1.24 ടണ്‍ ഉണങ്ങിയ കുരുമുളകാണ് ശരാശരി വിളവ്. ഉയര്‍ന്ന തോതില്‍ പൈപ്പറിന് ഘടകം അടങ്ങിയിട്ടുള്ളതാണ് പന്നിയൂര്‍ രണ്ട്. തണലിലും കൃഷി ചെയ്യാവുന്ന ഇത് നാടന്‍ ഇനമായ ബാലന്കൊട്ടയില്നിന്ന് നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. ഒരു ഹെക്ടറില്‍നിന്ന് രണ്ടര ടണ്ണോളം ഉണക്ക കുരുമുളക് ലഭിക്കും.
ചന്ദനക്കാംപാറ സ്വദേശിനിയായ സിമി ബക്കളത്ത് വിവാഹം കഴിച്ച് എത്തിയതോടെയാണ് കാടുപിടിച്ചുകിടന്ന സ്ഥലം കൃഷിയോഗ്യമാക്കി മാറ്റിയത്. വാഴ-പച്ചക്കറി കൃഷികളിലൂടെ നടത്തിയ മുന്നേറ്റമാണ് കൃഷിവകുപ്പിന്റെ 2015 ലെ മികച്ച യുവകര്‍ഷകയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്. 2015 ല്‍ അന്പതിനായിരവും കഴിഞ്ഞവർഷം പതിനായിരവും കുരുമുളക് തൈകള്‍ ഉത്പാദിപ്പിച്ച് കൃഷിവകുപ്പിന് നൽകി. ഈ വര്‍ഷം ആവശ്യക്കാര്‍ക്ക് നേരിട്ട് വിതരണം ചെയ്യുകയാണ്.
കഠിനാധ്വാനത്തിലൂടെ കാര്‍ഷികരംഗത്ത് തന്റേതായ സ്ഥാനം നേടിയ സിമി കൃഷിവിജ്ഞാനകേന്ദ്രത്തിനുവേണ്ടി ഗ്രാമശ്രീ കോഴികളുടെ എഗ്ഗര്‍ നഴ്സറിയും നടത്തുന്നുണ്ട്. പശു, ആട് വളര്‍ത്തലിലും സജീവമാണ്. ഫോണ്‍ :