ഭാര്യയോട് ആത്മഹത്യ ചെയ്യാന്‍ ഗള്‍ഫിലിരുന്ന് ഭര്‍ത്താവിന്റെ നിര്‍ദേശം, സഹികെട്ട് കഴുത്തില്‍ കുരുക്കിട്ട് ഭാര്യ സെല്‍ഫി അയച്ചു, ചത്താല്‍ കാണാന്‍ വരാമെന്ന് ഭര്‍ത്താവും, സിമിയുടെ മരണത്തില്‍ തെളിവായത് സെല്‍ഫി!!

ഒരു ആത്മഹത്യയായി കണ്ട മരണത്തിന്റെ കാരണവും അതിനു പ്രേരിപ്പിച്ച ആളും പിടിയിലാകുക. അതും ഒരു സെല്‍ഫി മാത്രം തുമ്പായപ്പോള്‍. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷി(40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്‍ ആണ് കേസന്വേഷിച്ചത്.

സിമിയും മുകേഷും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. സിമിയോടു മുകേഷ് പലപ്പോഴും മോശമായി പെരുമാറിയിരുന്നുവെന്നും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെയാണ് സിമി ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകള്‍ ലഭിച്ചത്.

ഒക്ടോബര്‍ 13നാണ് സിമി ആത്മഹത്യ ചെയ്തത്. താന്‍ ഗള്‍ഫില്‍ നിന്നെത്തിയ ശേഷമേ സംസ്‌കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം ഫ്രീസറില്‍ വച്ചിരുന്നു. അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോണ്‍ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്. 12നു രാത്രി സിമി ഭര്‍ത്താവുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു.

സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന് 13നു പുലര്‍ച്ചെ 3മണി മുതല്‍ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫി ഫോട്ടോയെടുത്തു ഭര്‍ത്താവിന് അയയ്ക്കുകയും ചെയ്തു. ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി. എന്തായാലും ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് പിടിവള്ളിയായപ്പോള്‍ മുകേഷിന് കുരുക്കാകുകയും ചെയ്തു.

Related posts