പത്തനംതിട്ട: പത്തു വർഷം മുമ്പു പന്തളം പോലീസ്, കാണാതായതിനു രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ കണ്ടെത്തി.
പ്രണയക്കെണിയുടെ ഇരയാണ് 42 കാരിയായ സിമിയെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.
പന്തളത്ത് ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് സിമികുമാരിയെ കാണാതായത്.
ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിലാണ് യുവതിയെ മലപ്പുറത്തു കണ്ടെത്തിയത്.
ഇലന്തൂർ ഇരട്ടനരബലിയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽനിന്നുള്ള സ്ത്രീകളുടെ തിരോധാനങ്ങൾ പ്രത്യേക പ്രാധാന്യത്തിൽ പോലീസ് അന്വേഷിച്ചു തുടങ്ങിയിരുന്നു.
തിരോധാനം 2012ൽ
2012 മേയ് ആറിനു രാവിലെ 10നാണ് സിമികുമാരിയെ വീട്ടിൽനിന്നു കാണാതായത്. 13ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ്ഐ ലാൽ സി. ബേബി കേസെടുത്തു.
സിമിയെ കണ്ടെത്താനാവാത്തതിനാൽ തെളിയാത്ത പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ ഒന്പതിനു കോടതിക്കു റിപ്പോർട്ട് നൽകി.
രണ്ടു കുട്ടികളിൽ ഒരാളെയും സിമിക്കൊപ്പം കാണാതായിരുന്നു. എന്നാൽ, ഈയിടെ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെരിന്തൽമണ്ണയിലെ ഒരു സൂപ്പർ മാർക്കറ്റിൽ യുവതി ജോലി ചെയ്യുന്നതായി കണ്ടെത്തി.
ഹരിപ്പാട് സ്വദേശിയായ ഹൻസിൽ(38) എന്നയാൾക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു യുവതി.
സമീപകാലത്തായി ഇരുവരും തമ്മിൽ അകന്നു. ഹൻസിൽ ഇപ്പോൾ പുനലൂരിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സിമി ഇപ്പോൾ സാനിയ
പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ചു ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇതിനിടയിൽ ഹൻസിൽ പ്രണയം നടിച്ചു യുവതിയെ വീഴ്ത്തുകയായിരുന്നു.
പിന്നീട് ഹൻസിൽ യുവതിയുമായി മലപ്പുറത്തേക്കു കടന്നു. ഒമ്പതു വർഷമായി ഒരുമിച്ചായിരുന്നു താമസം.
സ്വർണവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന ഹൻസിലിനെ ഇന്നലെ പുനലൂരിൽനിന്നു പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തൽമണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്.
യുവതിയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചപ്പോൾത്തന്നെ ഇയാളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു.
ഇയാളുടെ ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പുനലൂരിലുണ്ടെന്നു മനസിലായത്.
പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. പെരിന്തൽമണ്ണയിലെ വാടകവീട്ടിലെത്തി കൂട്ടിക്കൊണ്ടു വരികയും ചെയ്തു.
സിമിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഒരുമിച്ചു ജോലിചെയ്തുവന്ന ഹൻസിലുമായി പോയതാണെന്നും തുടർന്ന് ഇസ്ലാം മതം സ്വീകരിച്ചു സാനിയ എന്ന പേരു സ്വീകരിച്ചെന്നും യുവതി മൊഴി നല്കി.
ഒരുവർഷം മുന്പ് പിരിയൽ
ഹൻസിലുമായി ഒന്പതു വർഷത്തോളം ഒന്നിച്ചു ജീവിച്ചെന്നും കുടുംബപ്രശ്നങ്ങളാൽ ഒരു വർഷമായി പിരിഞ്ഞു കഴിയുകയാണെന്നും യുവതി പോലീസിനോടു പറഞ്ഞു.
മാവേലിക്കര കുടുംബകോടതിയിൽ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെന്നും യുവതി മൊഴിനൽകിയിട്ടുണ്ട്.
ആദ്യ ഭർത്താവിലെ രണ്ടു മക്കളിൽ മകൾ യുവതിക്കൊപ്പമാണുള്ളത്. ഹൻസിലുമായുള്ള ബന്ധത്തിൽ കുട്ടികളില്ല.
പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനൊപ്പം എസ്ഐ കെ. ഷിജു, പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, അൻവർ ഷാ, സുബീക് റഹ്മാൻ, അമീഷ്, രഘുകുമാർ എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.