തൃശൂർ: വൃദ്ധദന്പതികളിൽനിന്നു സിനിമാസ്റ്റൈലിൽ 24 ലക്ഷം തട്ടിയ കേസിൽ മധ്യവയസ്കനെ പിടികൂടി റിമാൻഡ് ചെയ്തു.എറണാകുളം വെണ്ണലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി തെക്കേടത്ത് വീട്ടിൽ സൈമണ്‍ ദേവസ്യയെ (56) ആണ് ഷാഡോ പൊലീസും വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് ഇയാൾ.
തട്ടിപ്പ് നടത്തിയത് റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ റോളിൽ
എറണാകുളം പിറവം സ്വദേശിയായ പ്രവാസിയാണ് തട്ടിപ്പിനിരയായത്. സ്ഥലം ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്ത് ലോണ്‍ ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസിൽ സന്പാദ്യം മുടക്കിയ പരാതിക്കാരൻ പല ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് വീട് പണിയുകയും ചെയ്തിരുന്നു. എന്നാൽ ബിസിനസിൽ നഷ്ടംവന്ന് ബാങ്കുകളിൽനിന്നെടുത്ത ബാധ്യത തീർക്കാൻ കഴിയാതായപ്പോൾ സ്ഥലവും വീടും വിൽക്കുന്നതിനായി പത്രങ്ങളിലും, ടിവിയിലും പരസ്യം നൽകി.
പരസ്യംകണ്ട് നിരവധിപേർ സ്ഥലം വാങ്ങുന്നതിനായി സമീപിച്ചിരുന്നുവെങ്കിലും കച്ചവടം നടന്നില്ല. തുടർന്നാണ് ഇവരുടെ പരിചയക്കാരനായ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന സാജൻ ജോസഫ് എന്ന കള്ളപ്പേരിൽ സൈമണ്‍ ദേവസ്യ എത്തിയത്.
തമിഴ് നാട്ടിലെ തേനി, മധുര എന്നിവിടങ്ങളിൽ രാജലക്ഷ്മി എന്ന പേരിൽ സ്വന്തമായി പ്രൈവറ്റ് ബാങ്ക് ഉണ്ടെന്നും ലോണ്‍ ശരിയാക്കി തരാമെന്നും, ലോണുള്ള ബാങ്കുകളുടെ ബാധ്യത തീർക്കാമെന്നും സൈമണ്‍ പറഞ്ഞു. ലോണ്‍ ലഭിക്കാൻ ബാങ്കിന്റെ പേരിലേക്ക് സ്ഥലം രജിസ്റ്റർ ചെയ്തു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ സ്വന്തം ചെലവിലായിരിക്കണമെന്നും രജിസ്ട്രേഷൻ കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ പണം അക്കൗണ്ടിലേക്ക് കൈമാറുമെന്നും സൈമണ്‍ വിശ്വസിപ്പിച്ചു. വിശ്വാസ്യതയ്ക്കായി ബാങ്കിന്റെ ലെറ്റർഹെഡും വ്യാജരേഖകളും കാണിക്കുകയും ചെയ്തു. പിന്നീട് പലതവണയായി ലോണിന്റെ ആവശ്യത്തിലേക്കെന്നു പറഞ്ഞ് 4,35,000 രൂപ പരാതിക്കാരുടെ കൈയിൽനിന്ന് ഇയാൾ വാങ്ങി.
സ്റ്റാന്പ് പേപ്പറിന്റെ പേരിൽ 20 ലക്ഷം
പിന്നീട് ഓണ്‍ലൈനിൽ സ്ഥലം രജിസ്ട്രേഷൻ നടത്താൻ അയ്യന്തോൾ എത്താൻ പരാതിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റാന്പ് പേപ്പറിന്റെ പണം അടക്കുന്നതിനായി 20 ലക്ഷം രൂപ കൊണ്ടുവരണമെന്നും അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരനെ അയ്യന്തോളിൽ നിർത്തി സൈമണ്‍ പണവുമായി മുങ്ങി. തന്നോടൊപ്പം വന്ന സൈനുദ്ദീൻ എന്നയാളെ പരാതിക്കാരുടെ കൂടെ നിർത്തുകയും ചെയ്തു.
കളക്ടറേറ്റിനുമുന്പിൽ കാത്തുനിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് പെട്ടെന്ന് ഒരു ടാക്സികാർ വന്നു നിൽക്കുകയും പോലീസ് യൂണിഫോമിലെത്തിയ ഒരാൾ സൈനുദ്ദീനെ ബലമായി പിടിച്ച് ടാക്സിയിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
എന്തു ചെയ്യണമെന്നറിയാതെ നിന്ന പരാതിക്കാരെ അൽപസമയത്തിനുള്ളിൽ സൈമണ്‍ വിളിച്ച്, പണം സ്ക്വാഡുകാർ പിടിച്ചുവെന്നും പെട്ടെന്ന് രക്ഷപ്പെടാനും അറിയിച്ചു. പരാതിക്കാരനും ഭാര്യയും അവിടെനിന്നും ഉടൻ പേടിച്ച് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഇവർ സൈമണെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് കിട്ടിയത്.
ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. പൊലീസിന്റെ പിടിയിലായതോടെയാണ് ഇയാളുടെ ശരിയായ പേര് സൈമണ്‍ ദേവസ്യ എന്നാണെന്നും തട്ടിപ്പിനായി സാജൻ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും മനസിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.