“വരപ്രദ’ എന്ന പദത്തിന് അഭിനവ മലയാള നിഘണ്ടുവില്‍ “വരം നല്കുന്ന’ എന്നാണ് അര്‍ഥം കുറിച്ചിട്ടുള്ളത്.
മേയ് 17ലെ കറുത്ത സന്ധ്യയില്‍ പെരുമഴയ്ക്കും കൊടുങ്കാറ്റിനും കൂറ്റന്‍ തിരമാലകള്‍ക്കും മുമ്പില്‍ കീഴടങ്ങി അറബിക്കടലാഴങ്ങളിലാണ്ട വരപ്രദ എന്ന കപ്പലില്‍ നിന്ന്, അദ്ഭുതകരമായി രണ്ടാം ജന്മത്തിലേക്കുള്ള “വരം നേടി’ കരകയറിയെത്തിയ ഒരു മലയാളിയുണ്ട്. പേര് ഫ്രാന്‍സിസ് കെ. സൈമണ്‍.
ഒപ്പമുണ്ടായിരുന്ന 11 പേരെയും കണ്മുമ്പില് കടല്‍ കവര്‍ന്നു. രക്ഷപ്പെട്ടത് വരപ്രദയിലുണ്ടായിരുന്ന ഏക മലയാളിയും ഷിപ്പ് എന്‍ജിനിയറുമായ ഫ്രാന്‍സിസും (50) ബംഗാളിയായ സെയ്ലര് സാഹിബ് ബുനിയ (24)യും മാത്രം.
മുംബൈ തീരത്തു നിന്നു 35 നോട്ടിക്കല്‍ മൈല്‍ അകലെ, ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റില്പ്പെട്ടാണ് ഇവര്‍ ജോലി ചെയ്തിരുന്ന ആങ്കര്‍ ഹാന്‍ഡ്ലിംഗ് ടഗ് കപ്പലായ (എഎച്ച്ടി) വരപ്രദ മുങ്ങിയത്.
മലയാളികള്‍ ഉള്‍പ്പടെ 80 പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസിയുടെ ബാര്‍ജ് പി 305 മുങ്ങിയതിനു പിന്നാലെയാണ് ഇതിനോടു ബന്ധിപ്പിച്ചിരുന്ന വരപ്രദ ടഗ് കപ്പലും അപകടത്തില്‍പ്പെട്ടത്. മുങ്ങിയ ബാര്‍ജിലും ടഗിലുമായി ആകെ മരിച്ചത് എട്ടു മലയാളികള്‍ ഉള്‍പ്പടെ 86 പേര്.
അസാധാരണമായ ധൈര്യത്തിന്റെയും, വര്‍ഷങ്ങളായി ആര്‍ജിച്ചെടുത്ത കടലനുഭവങ്ങളുടെയും കരുത്തുണ്ട്. എങ്കിലും മരണത്തിന്റെ മുനമ്പില്‍ നിന്നു രക്ഷപ്പെട്ടെത്തിയതിനു പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെന്നു ഫ്രാന്‍സിസ് ഉറപ്പിക്കുന്നു.
ദുരന്തസന്ധ്യ
34 വര്‍ഷം പഴക്കമുള്ള ടഗാണു വരപ്രദ. വിവിധ ഷിപ്പുകളിലെ കാല് നൂറ്റാണ്ടു പിന്നിട്ട ജോലിക്കിടയില്‍ ഇത്ര കാലപ്പഴക്കം ചെന്നതും അപകടസാധ്യതയുള്ളതുമായ ടഗില്‍ ജോലി ചെയ്യേണ്ടിവന്നിട്ടില്ലെന്നു ഫ്രാന്‍സിസ് പറയുന്നു.
17ന് ഉച്ചയ്ക്കു തന്നെ കടല്‍ പ്രക്ഷുബ്ധമായിത്തുടങ്ങിയിരുന്നു. ഒന്നരയായപ്പോഴേക്കും ടഗിലെ എന്ജിന് മുറിയില്‍ വെള്ളം കയറിത്തുടങ്ങി.
അപകടസാധ്യതയറിഞ്ഞു ടഗിന്റെ ഉടമകളായ ഗ്ലോറി ഷിപ്പ് മാനേജ്മെന്റ് കമ്പനിയെയും തീര സംരക്ഷണ സേനയെയും വിവരമറിയിക്കാന്‍ ക്യാപ്റ്റന്‍ നാഗേന്ദ്രകുമാറിനോടു പറഞ്ഞെങ്കിലും, നടപടി വൈകി.
വൈകുന്നേരം അഞ്ചിനു ശേഷമാണ് അപകടത്തെക്കുറിച്ചു തീരസംരക്ഷണ സേനയെ വിവരമറിയിക്കുന്നത്. അപ്പോഴേക്കും ടഗിനോടു ഘടിപ്പിച്ച ബാര്‍ജ് മുങ്ങിത്തുടങ്ങിയിരുന്നു.
ഒരു നിമിഷം മനസും ശരീരവും തളര്‍ന്നു.. മരണം മുന്നിലെത്തി വിളിക്കുന്നതു പോലെ…! ആറോടെ വരപ്രദ മുങ്ങിത്തുടങ്ങി. ഓരോരുത്തരും രക്ഷയ്ക്കായി കടലിലേക്കു ചാടി.
ഒരു ജീവനക്കാരന് മാത്രം ഭയത്തോടെ, കരഞ്ഞു കൊണ്ടു ടഗില്‍ തന്നെ നിലയുറപ്പിച്ചത് ഓര്‍മയുണ്ട്. തനിക്കു നീന്താന്‍ അറിയില്ലെന്നു തന്റെ ഭാഷയില്‍ അയാള്‍ നിലവിളിച്ചു പറയുന്നതു കേള്‍ക്കാമായിരുന്നു…!!!
ലൈഫ് റാഫ്റ്റായിരുന്നു (ലൈഫ് ബോട്ട്) ചാടിയവരുടെയെല്ലാം ലക്ഷ്യം. നടുക്കടലില്‍ 12 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍, നൂറു കിലോമീറ്ററോളം വേഗമുള്ള കാറ്റ്… സിനിമകളില്‍ കണ്ടിട്ടുള്ളതു പോലെ വല്ലാത്ത ഭീകരമായ അന്തരീക്ഷം. പ്രതികൂല കാലാവസ്ഥയില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
മരണത്തിന്റെ ആഴം
നീന്തിത്തളര്‍ന്ന പലരും കണ്മുമ്പില് കടലിലേക്കാഴ്ന്നു പോകുന്നതു നിസഹായതയോടെ കാണേണ്ടിവന്നു…! ഫ്രാന്‍സിസ് പറയുമ്പോള്‍ വാക്കുകള്‍ ഇടറി…
കുടുംബത്തിലെ മരിച്ചുപോയവരെ മനസില്‍ ഓര്‍ത്ത്, ജപമാല പ്രാര്‍ഥനകള്‍ ഉരുവിട്ട് ഒരുവിധത്തില്‍ ലൈഫ് റാഫ്റ്റില്‍ എത്തി. കൂടെ സെയ്ലര് ബുനിയയും.
20 പേര്‍ക്കു വരെ കയറാവുന്ന ലൈഫ് റാഫ്റ്റില്‍ രണ്ടു പേര് മാത്രമായതിനാല്‍ അതിന്റെ നിയന്ത്രണം എളുപ്പമല്ലായിരുന്നു. പലവട്ടം കാറ്റില്‍പ്പെട്ടു മറിയുന്നതു പോലെ… റാഫ്റ്റിനു പഴക്കമെത്തി വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. എങ്കിലും അതില്‍ നിന്നു കിട്ടിയ റോക്കറ്റ് പാരച്യൂട്ട് (അപകട ഘട്ടത്തില്‍ മുകളിലേക്കുയര്ത്തിവിട്ടു മറ്റു ഷിപ്പുകളെ അറിയിക്കാനുള്ള സംവിധാനം) ഉയര്‍ത്താനായത് നേട്ടമായി.
ആദ്യം കണ്ട ടാങ്കര്‍ കപ്പലിനു നേരേ റോക്കറ്റ് പാരച്യൂട്ട് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. റാഫ്റ്റില്‍ കയറുന്ന വെള്ളം കൈകൊണ്ടു കോരിക്കളഞ്ഞും ആടിയുലഞ്ഞും നീങ്ങുന്നതിനിടെയാണു നാവികസേനയുടെ ഐഎന്‍എസ് കോല്‍ക്കത്ത റോക്കറ്റ് പാരച്യൂട്ട് കണ്ട് എത്തിയത്.
അഞ്ചു ജീവനുകള്‍, 18 മൃതശരീരങ്ങള്‍
ബാര്‍ജും ടഗും മുങ്ങിയതറിഞ്ഞുള്ള രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നേവി ഷിപ്പ് കണ്ടതോടെയാണു ഭയം അല്പമെങ്കിലും അകന്നത്.
ആറോടെ നേവിയുടെ കപ്പലിലേക്ക്. മുങ്ങിയ ബാര്‍ജില്‍ നിന്നു മൂന്നു പേരെയും ടഗില്‍ നിന്ന് ഞങ്ങള്‍ രണ്ടു പേരെയും ഐഎന്‍എസ് കോല്‍ക്കത്ത രക്ഷപ്പെടുത്തി. ഒപ്പം 18 മൃതശരീരങ്ങളും കണ്ടെടുത്തു.
രക്ഷപ്പെട്ട അഞ്ചു ജീവനുകളും 18 മൃതശരീരങ്ങളുമായി ഐഎന്‍എസ് കോല്‍ക്കത്ത മുംബൈ തീരത്തേക്ക്!
മനസു നിറയെ ദുരന്തസ്മൃതി
കപ്പലപകടവും ഒപ്പമുണ്ടായിരുന്നവരുടെ ദാരുണാന്ത്യവും മരണത്തിനടുത്തുവരെയെത്തി ജീവനിലേക്കു തിരിച്ചെത്തിയതിന്റെ സംഘര്‍ഷങ്ങളുമെല്ലാം ചേര്‍ന്നു ഫ്രാന്‍സിസിന്റെ മനസാകെ ആര്‍ത്തലയ്ക്കുന്ന തിരമാലകളുള്ള കടലിനു സമാനമാണിപ്പോള്‍.
ഒരാഴ്ചയ്ക്കു ശേഷമാണു വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്. അരൂരിലെ കൈതവേലിക്കകത്ത് വീട്ടില്‍ ക്വാറന്റൈനും വിശ്രമവുമായി കഴിയുമ്പോഴും ഉറക്കമില്ലാതെ, ഉന്മേഷമില്ലാതെ.. മൊഴിയെടുപ്പിനും മറ്റുമായി പലവട്ടം പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പിലിരുന്നതിന്റെ മുഷിപ്പുണ്ട്.
വേണ്ടായിരുന്നു വരപ്രദ
രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലുമെല്ലാമായി പാസഞ്ചര്‍ ഷിപ്പുകളില്‍ ഉള്‍പ്പടെ നിരവധി കപ്പലുകളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും, വരപ്രദയിലെ ജോലി ഒട്ടും ആഗ്രഹിച്ചതല്ലെന്നു ഫ്രാന്‍സിസ് പറയുന്നു.
നാലു മാസം മുമ്പാണു ടഗിലെത്തിയത്. ടഗിന്റെ ശോച്യാവസ്ഥയറിഞ്ഞശേഷം, വൈകാതെ സ്വയം പിരിഞ്ഞുപോരാന്‍ നോട്ടീസ് കൊടുത്തതാണ്. ആറു മാസം പൂര്‍ത്തീകരിക്കണമെന്ന കമ്പനിയുടെ നിര്‍ബന്ധമാണ് തുടരാന്‍ കാരണമായത്.
ഏതു പ്രതികൂല കാലാവസ്ഥയിലും ടഗ് മുങ്ങുക അത്രമേല്‍ അപൂര്‍വമാണ്. വരപ്രദ മുങ്ങിയതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. മതിയായ പ്രവര്‍ത്തനശേഷിയില്ലാതെ ടഗിനു ലൈസന്‍സ് നല്കിയിട്ടുണ്ടെങ്കില് അതു കുറ്റകരമാണ്. ഫ്രാന്‍സിസ് പറഞ്ഞു.
നന്ദിയോടെ അമ്മയ്ക്കരികെ
നാട്ടില്‍ മടങ്ങിയെത്തിയയുടന്‍ ഭാര്യ ഷിജി, മക്കളായ സ്റ്റീവ്, ക്രിസ്റ്റഫര്‍ എന്നിവര്‍ക്കൊപ്പം കുടുംബപ്രാര്‍ഥനയാണ് ഫ്രാന്‍സിസ് ആദ്യം ചെയ്തത്. വല്ലാര്‍പാടത്തമ്മയുടെ സംരക്ഷണവും, ചൊല്ലിക്കൂട്ടിയ ജപമാലയുടെ കരുത്തും രക്ഷയായെന്ന് അദ്ദേഹം പറയുന്നു.നാട്ടിലെത്തുന്പോഴൊക്കെ ചെയ്യാറുള്ളതുപോലെ വല്ലാര്‍പാടം പള്ളിയിലെ മാതാവിന്റെ മുമ്പിലും ഫ്രാന്‍സിസ് എത്തി; രണ്ടാം ജന്മത്തിനുള്ള കൃതജ്ഞതയുമായി.
സിജോ പൈനാടത്ത്
ചിത്രങ്ങള്‍- ബ്രില്യന് ചാള്‍സ്