കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് (64) നാടിന്റെ അന്ത്യാഞ്ജലി. ഇന്നു രാത്രിയോടെ കൊച്ചി വടുതലയിലെ വസതിയിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതു മുതൽ 11 വരെ വസതിയിലും തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നുവരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കൊച്ചിയിൽ.
കാന്പസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നര പതിറ്റാണ്ട് വീൽചെയറിൽ കഴിഞ്ഞുവരികേ ഹൃദയാഘാതത്തെത്തുടർന്നു ഇന്നലെ വൈകിട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യാത്രാവിവരണ ഗ്രന്ഥം എഴുതിത്തീർക്കാൻ ക്രിസ്മസ് ദിനത്തിൽ തൃശൂരിലെത്തുകയും പിഡബ്ല്യുഡി റെസ്റ്റ്ഹൗസിൽ താമസിച്ചുവരികയുമായിരുന്നു.
കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ ബ്രിട്ടോയെ വൈകിട്ട് ആശുപത്രിയിലെത്തിച്ചു. 2006-2011 കാലഘട്ടത്തിൽ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു. എറണാകുളം ലോ കോളജ് വിദ്യാർഥിയായിരിക്കേ 1983 ഒക്ടോബർ 14നു രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു അപ്പോൾ.
പിന്നീട് വീൽചെയറിൻറെ സഹായത്തോടെയാണു കഴിഞ്ഞുവന്നതെങ്കിലും രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2015ൽ 138 ദിവസംകൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. നിരവധി നോവലുകൾ എഴുതിയിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻറ് കൗണ്‍സിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എറണാകുളം വടുതലയിലെ കയം എന്ന വീട്ടിലായിരുന്നു താമസം.
നിക്കോളാസ് റോഡ്രിഗ്സിൻറെയും ഐറിൻ റോഡ്രിഗ്സിൻറെയും മകനാണ്. എറണാകുളം സെൻറ് ആൽബർട്സ് കോളജ്, ബിഹാറിലെ മിഥില സർവകലാശാല, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിലും പഠനം നടത്തി.
ഭാര്യ: സീന ഭാസ്കർ. മകൾ: കയീനില (നിലാവ്).