ന്യൂയോര്‍ക്ക്: ടീം ഡോക്ടര്‍ക്കെതിരേ ഗുരുതര ലൈംഗികാരോപണവുമായി അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. മുന്‍ ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ക്കെതിരെ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സിമോണ ആരോപണമുന്നയിച്ചത്. മീ റ്റൂ എന്ന ഹാഷ്ടാഗോടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ താനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സിമോണ പറയുന്നു. റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ അമേരിക്കയ്ക്കായി നാല് സ്വര്‍ണം നേടിയ താരമാണ് സിമോണ്‍.
‘നിങ്ങളില്‍ മിക്കവര്‍ക്കും ഊര്‍ജ്ജസ്വലതയുള്ള, സന്തോഷവതിയായ പെണ്‍കുട്ടിയായിട്ടേ എന്നെ അറിയുകയുള്ളു. പക്ഷേ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഞാന്‍ മാനസികമായി തകര്‍ന്നിരുന്നു. കരച്ചിലടക്കാനാകാതെ ഞാന്‍ നിലവിളിച്ചിരുന്നു’ സിമോണ്‍ പറയുന്നു. എന്റെ കഥ മറ്റുള്ളവരോടു പറയുന്നതില്‍ എനിക്ക് ഭയമില്ല, കാരണം ലാറി നാസറെന്ന ഡോക്ടറുടെ ലൈംഗിക പീഡനത്തെ അതിജീവിച്ച നിരവിധി പെണ്‍കുട്ടികളില്‍ ഒരാളാണ് ഞാനും. എന്റെ കഥ ഇതുവരെ തുറന്നുപറയാന്‍ ഞാന്‍ മടികാണിച്ചതിന് നിരവധി കാരണങ്ങളുണ്ട്. അത് എന്റെ തെറ്റായിരുന്നില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. സിമോണ്‍ പറയുന്നു.
കുറേകാലം അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീമിന്റെ ഡോക്ടറായിരുന്ന ലാറി 140ലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. മിഷിഗന്‍ കോടതിയില്‍ നടക്കുന്ന വാദത്തിന് ശേഷം ലാറിക്കുള്ള ശിക്ഷ വിധിക്കും. മറ്റൊരു കേസില്‍ അറുപത് വര്‍ഷത്തെ തടവ്ശിക്ഷ അനുഭവിക്കുകയാണ് ലാറി ഇപ്പോള്‍. എന്തായാലും സിമോണിന്റെ തുറന്നു പറച്ചില്‍ സഹതാരങ്ങളെയുള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്.