തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് എന്നു പ്രചോദനമായ ഒരു നടിയുണ്ട്. പക്ഷേ അതു തെന്നിന്ത്യയിലെ മുൻകാല സൂപ്പർനായികയും സൂര്യയുടെ ഭാര്യയുമായി ജ്യോതിക അല്ല. പിന്നെയാരാണ് സൂര്യയുടെ മനസിൽ ആ താരം. സൂര്യ തന്നെ അതുപറയുകയാണ്.
കരിയറിന്റെ തുടക്കത്തിൽ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. അന്ന് തമിഴ് ഡയലോഗുകളായിരുന്നിട്ടു പോലും, അതു പഠിച്ചെടുക്കാൻ ഏറെ കഷ്ടപ്പെട്ടു. ഒട്ടേറെ തവണ ഡയലോഗ് തെറ്റിച്ചു. പല സീനുകളും വീണ്ടും വീണ്ടും ചിത്രീകരിച്ചു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്.
തമിഴ് ഒട്ടും വശമില്ലാത്തൊരു നായികയായിരുന്നു അവർ. എന്നാൽ ഒരു ഡയലോഗു പോലും അവർ തെറ്റിച്ചില്ല.ഒരു തമിഴ്നാട്ടുകാരിയെപോലെ അവർ ഡയലോഗ് പറഞ്ഞു നിർത്തി. അന്നും ഇന്നും അവർ എനിക്ക് പ്രചോദനമാണ്. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി അവർക്ക് ഉണ്ടായിരുന്നു.
വിവാഹിതയായ ശേഷവും സിനിമയിൽ അവർ വീണ്ടും തിരികെയെത്തി. അവർ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്.അവരെനിക്ക് എന്നും പ്രചോദനമാണ്, അദ്ഭുതവും-സൂര്യ പറഞ്ഞുനിർത്തുന്നു.
സൂര്യയ്ക്ക് ഏറെ പ്രചോദനമായ ആ താരം മറ്റാരുമല്ല. ഒരു കാലത്ത് തെന്നിന്ത്യ നിറഞ്ഞു നിന്ന താരമാണവർ. സിമ്രാൻ. സൂര്യയുടെ ആദ്യ ചിത്രമായ നേർക്കു നേരിൽ ഒപ്പമഭിനയിച്ചത് സിമ്രാനാണ്. പിന്നീട് കുറേയേറെ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അവസാനമായി വാരണം ആയിരത്തിലും ഇരുവരും ജോഡികളായെത്തി.