തൃശൂർ: അപകടത്തിന്റെ രൂപത്തിലെത്തിയ വിധി ചലനശേഷിയും കാഴ്ചശക്തിയും കവർന്നെങ്കിലും തളരാത്ത മനസുമായി ജീവിതം പൊരുതിനേടാനുള്ള ശ്രമത്തിലാണ് ചിറ്റാട്ടുകര സ്വദേശി സിംസണ്‍. അകക്കണ്ണിന്റെ മാത്രം വെളിച്ചത്തിൽ സിംസൻ നിർമിക്കുന്ന കരകൗശല വസ്തുക്കളാണ് ഇപ്പോൾ കുടുംബത്തിന് പ്രതീക്ഷ പകരുന്നത്.
നാടകനടനായും പാർട്ടി പ്രവർത്തകനായും ഓടിനടന്ന കാലത്തിൽനിന്ന് സിംസന്റെ ജീവിതം വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2012- ഏപ്രിൽ 16നായിരുന്നു സിംസന്റെ ജീവിതം തകർത്ത ആ അപകടം. കേച്ചേരിയിൽവച്ച് ആന കുത്തിമറിച്ചിട്ട ബസിനടിയിൽ അദ്ദേഹം കുടുങ്ങുകയായിരുന്നു. കോണ്‍ക്രീറ്റ് പണിക്കായി രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു സിംസണ്‍.
അപകടത്തിൽ നട്ടെല്ലിനു ഗുരുതര തകരാറിനൊപ്പം തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവനെങ്കിലും നിലനിര്‍ത്താനായത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ചലനശേഷി കിട്ടിയത് തലയ്ക്കും കൈകൾക്കും മാത്രം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള ട്യൂബുകൾ ഘടിപ്പിച്ച ശരീരവുമായി അന്നു മുതൽ വീടിനകത്താണ് സിംസണ്‍.
ഈ ആഘാതത്തെ മനശക്തിയോടെ നേരിടാനാണ് സിംസണ്‍ ഇഷ്ടപ്പെട്ടത്. ചിറ്റാട്ടുകരയിലെ വീട്ടിലിരുന്ന് പ്ലാസ്റ്റിക് സ്ട്രോ, മുത്ത്, വെള്ളാരംകല്ലുകൾ, മരം എന്നിവ ഉപയോഗിച്ച് സിംസണ്‍ കരകൗശല വസ്തുക്കൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നു. ജപമാലകൾ, പള്ളികളുടെ
ചെറു മാതൃകകൾ, നക്ഷത്രങ്ങൾ, മാതാവിന്റെ ഗ്രോട്ടോ തുടങ്ങിയവല്ലൊം സിംസന്റെ കരവിരുതിൽ വിരിയുന്നുണ്ട്. രണ്ടുമക്കളാണ് സിംസണ്‍. മൂത്ത മകൾ എൽന ഒന്‍പതിലും ഇളയവൾ ലെന ആറിലും പഠിക്കുന്നു. ഭാര്യ നിഷയ്ക്ക് വീടിനടുത്തുള്ള പെട്രോൾ പന്പിൽ ചെറിയ ജോലിയുണ്ട്. മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടുചെലവുകളുമെല്ലാം നടക്കുന്നത് നിഷയുടെ തുച്ഛമായ വരുമാനം കൊണ്ടാണ്.
ഇപ്പോൾ ഓർഡർ അനുസരിച്ച് സിംസണ്‍ കരകൗശല വസ്തുക്കൾ ഉണ്ടാക്കി കൊടുക്കുന്നതിൽനിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. പരേതനായ വടക്കൂട്ട് ജോണിയുടെ മകനാണ് സിംസൺ. അമ്മ റോസിലി സിംസന്റെ കുടുംബത്തോടൊപ്പമുണ്ട്.
ശരീരത്തിലെ ട്യൂബുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കാൻ സിംസണെ അമല ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണ് പതിവ്. ഡോക്ടർമാരായ ഹരികൃഷ്ണൻ, ബിനു ജോസ് എന്നിവർ ഇക്കാര്യത്തിൽ സിംസനെ സഹായിക്കുന്നു. 7591987181 എന്ന നന്പറിൽ സിംസണെ ബന്ധപ്പെടാം.