കോയന്പത്തൂർ: യുക്രെയ്നിലെ അർധസൈനിക വിഭാഗത്തിൽ ചേർന്നു റഷ്യയ്ക്കെതിരേ പൊരുതുന്ന ഇന്ത്യൻ വിദ്യാർഥി നാട്ടിലെത്താൻ സന്നദ്ധത പ്രകടിപ്പിച്ചതായി കുടുംബാംഗങ്ങൾ.
കേന്ദ്രസർക്കാർ പ്രതിനിധികൾ ബന്ധപ്പെട്ടുവെന്നും മകനെ കണ്ടെത്തി നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുക്രെയ്ൻ സേനയിൽ ചേർന്ന കോയന്പത്തൂർ സ്വദേശി സായ്നികേഷിന്റെ പിതാവ് രവിചന്ദ്രൻ പറഞ്ഞു.
ഖാർകീവിലെ നാഷണൽ എയ്റോസ്പേസ് സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിംഗ് വിദ്യാർഥിയായ സായ്നികേഷ് കഴിഞ്ഞ മാസമാണ് യുക്രെയ്ൻ സേനയുടെ ഭാഗമായത്.
മൂന്നുദിവസം മുന്പാണ് മകനുമായി അവസാനം സംസാരിച്ചതെന്നും തിരിച്ചെത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്നും രവിചന്ദ്രൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞദിവസങ്ങളിൽ മകനുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. സായ്നികേഷുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
കേന്ദ്രസർക്കാർ ഇടപെട്ട് സായ്നികേഷിനെ എത്രയുംവേഗം യുദ്ധഭൂമിയിൽനിന്ന് ഒഴിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും രവിചന്ദ്രൻ പറഞ്ഞു.
യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോഴെല്ലാം സായ്നികേഷ് സഹകരിച്ചിരുന്നില്ല എന്ന് ആരോപണമുണ്ട്.
യുക്രെയ്നിലെ ഇന്ത്യൻ എംബസിയിലും ഇദ്ദേഹം ബന്ധപ്പെട്ടിട്ടില്ല. യുദ്ധഭൂമിയിൽനിന്ന് സൈനികേഷിനെ കണ്ടെത്തുക എളുപ്പമല്ലെന്നും ഒരു മുതിർന്ന പോലീസ് ഓഫീസർ പ്രതികരിച്ചു.