അടിമാലി: പ്രണയനൈരാശ്യത്തെ തുടർന്ന് മലമുകളിൽ ആത്മഹത്യഭീഷണിയുമായി നിലയുറപ്പിച്ച യുവതിയെ അനുനയത്തിൽ തിരിച്ചുവിളിക്കുന്ന എസ്ഐയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അടിമാലി കുതിരള കുടിയിലെ മലമുകളിൽ മരണംവരിക്കാൻ ഇറങ്ങിത്തിരിച്ച പെൺകുട്ടിയെ അടിമാലി എസ്ഐ കെ.എം. സന്തോഷാണ് അവസരോചിത ഇടപെടലിലൂടെ തിരിച്ചിറക്കിയത്.
“കൊച്ച് ഇങ്ങ് വാ, എന്താണോ നിനക്ക് വേണ്ട പരിഹാരം അത് ചെയ്ത് തരും. മുകളിലേക്ക് കയറി വാ, ഇവിടെ ഇരിക്ക്, എന്നോട് പറയ്, പ്രശ്നം എന്താണെന്ന്,
എന്ത് പ്രശ്നം ആണെങ്കിലും ഞാൻ പരിഹരിച്ച് തരാം, സൂക്ഷിച്ച് കാല് തെന്നരുത്… പറഞ്ഞാ തീരാത്ത പ്രശ്നമുണ്ടോ’- എന്ന് സ്നേഹത്തോടെ വിളിച്ചാണ് സന്തോഷ് പെൺകുട്ടിയെ ആത്മഹത്യാ ശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്.
സ്നേഹിച്ചിരുന്ന യുവാവുമായി ഉണ്ടായ പിണക്കത്തിലാണ് താൻ ആത്മഹത്യക്ക് മുതിർന്നതെന്നും അയാളുടെ മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
താഴെയെത്തിച്ച പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിച്ച് കൗൺസലിംഗ് നൽകുകയും ചെയ്തു.