കൊച്ചി: ഫ്രാൻസിസ് മാർപാപ്പയും പാനമ സിറ്റിയും മലയാളി യുവതയുടെ പാട്ടിനു താളം പിടിച്ചു. പാനമ സിറ്റിയിൽ നടന്ന ലോക യുവജന സമ്മേളനവേദിയിലാണു ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ മലയാളികളുടെ സംഘം ഗാനമാലപിച്ചത്.
കൊച്ചി കേന്ദ്രമായ വോക്സ് ക്രിസ്റ്റി (ക്രിസ്തുവിന്റെ സ്വരം) മ്യൂസിക് ബാൻഡാണു പാപ്പ യുവജന സമ്മേളനവേദിയിലേക്കെത്തിയപ്പോൾ പ്രവേശനഗാനം ആലപിച്ചത്. പാലാരിവട്ടം സ്വദേശി ബെഡ്വിൻ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീം, ജീസസ് യൂത്ത് വോളണ്ടിയർമാർ ചേർന്നാണു രൂപീകരിച്ചത്. പത്തു വർഷത്തിലധികമായി വിവിധ വേദികളിൽ വോക്സ് ക്രിസ്റ്റി സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. യുവജന സമ്മേളനവേദിയിൽ ഗാനങ്ങൾ ആലപിച്ച ടീമിൽ ജിയോമോൻ കുര്യൻ, ഇമ്മാനുവേൽ എബിൻ എവുജിൻ, ഏല്യാസ് എൽവിസ്, ബിജോ തോമസ്, റോണ്‍ സണ്ണി, യേശുദാസ് പനച്ചിക്കൽ എന്നിവരും അംഗങ്ങളായിരുന്നു.
അല്മായർക്കുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്റെ ക്ഷണപ്രകാരമാണു ബെഡ്വിൻ ടൈറ്റസ് യുവജനസമ്മേളനത്തിൽ പങ്കെടുത്തത്. ഫ്രാൻസിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരവും ഇദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യയിലെ യുവജനങ്ങളുടെ വിശ്വാസതീക്ഷ്ണതയെയും ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങളെയും മാർപാപ്പ ശ്ലാഘിച്ചതായി ബെഡ്വിൻ ടൈറ്റസ് പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വഞ്ചിയുടെ മാതൃക ബെഡ്വിൻ മാർപാപ്പയ്ക്കു സമ്മാനിച്ചു. ജീസസ് യൂത്തിൽ സജീവ പ്രവർത്തകനായ ബെഡ്വിൻ കൊച്ചി ഇൻഫോപാർക്കിലെ സ്വകാര്യ കന്പനിയിൽ കംപ്യൂട്ടർ എൻജിനിയറാണ്.
ഡൽഹിയിൽനിന്നുള്ള ആക്ട്സ് ഓഫ് ദി അപ്പോസ്തൽ മ്യൂസിക് ബാൻഡും യുവജന സമ്മേളനവേദിയിൽ ഗാനമാലപിച്ചു. ദുബായ് കേന്ദ്രമായ ഇൻസൈഡ് ഔട്ട്, മാസ്റ്റർ പ്ലാൻ എന്നീ ബാൻഡുകളിലും ഇന്ത്യൻ യുവാക്കൾ ഉണ്ടായിരുന്നു. ജീസസ് യൂത്ത്, കെസിവൈഎം ഭാരവാഹികൾ ഉൾപ്പെടെ നൂറോളം പേരാണ് ഇന്ത്യയിൽനിന്നു ലോക യുവജനസമ്മേളനത്തിൽ പങ്കെടുത്തത്.
സിജോ പൈനാടത്ത്