നാടകം എഴുതി, പക്ഷേ പ്രതിഫലം പോലും നല്‍കാതെ പ്രദര്‍ശിപ്പിച്ചത് മറ്റൊരാളുടെ പേരില്‍; ഉദയനാണ് താരം എന്ന സിനിമ തന്റെ ജീവിതാനുഭവമെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ്

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘ഉദയനാണു താര’ത്തില്‍ തെങ്ങുംമൂട് രാജപ്പന്‍ ഉദയഭാനുവിന്റെ തിരക്കഥയെടുത്തു മറിച്ചുകൊടുത്ത കഥ വെറും കെട്ടുകഥയല്ലെന്ന് പുതിയമുഖം, എത്സമ്മ എന്ന ആണ്‍കുട്ടി, താപ്പാന,മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എം സിന്ധുരാജിന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ മനസിലാവും. 2002 ലാണ് സംഭവം നടന്നത്. തന്റെ ആദ്യ സിനിമയായ പട്ടണത്തില്‍ സുന്ദരന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. അതിന് മുമ്പ് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സമിതിയ്ക്കുവേണ്ടി ഒരു നാടകമെഴുതാന്‍ ആലപ്പുഴയിലെ ഒരു സുഹൃത്ത് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാടകം എഴുതി കൊടുത്തുകഴിഞ്ഞപ്പോള്‍ ആളുടെ മട്ടുമാറി. പണം ചോദിച്ചപ്പോള്‍ പിണക്കമായി.

ചോദിച്ച തുകയൊന്നും കൊടുക്കാതെ സിന്ധുവിനെ സമിതി ഉടമ പറഞ്ഞുവിടുകയും ചെയ്തു. പണം കിട്ടിയില്ലെങ്കിലും തന്റെ പേരില്‍ ഒരു നാടകം വരട്ടെ എന്നു കരുതി അലമ്പുണ്ടാക്കാതെ മടങ്ങി. പക്ഷേ, അതിനുശേഷമായിരുന്നു ട്വിസ്റ്റ്. കുറച്ചു ദിവസം കഴിഞ്ഞാണറിഞ്ഞത്, ആ നാടകം മറ്റൊരാളുടെ പേരില്‍ റിഹേഴ്‌സല്‍ തുടങ്ങിയെന്ന്. എഴുത്തുകാലത്ത് ആ വീട്ടില്‍ ഇടയ്ക്കിടെ വന്നിരുന്ന, സമിതി ഉടമയുടെ ബന്ധുവായ പയ്യന്റെ പേരിലാണു സ്‌ക്രിപ്റ്റ് മറ്റൊരു സമിതിക്കു മറിച്ചുകൊടുത്തതെന്ന് സിന്ധു മനസിലാക്കി. റിഹേഴ്‌സല്‍ ക്യാമ്പില്‍ ചെന്ന് സംവിധായകന്‍ ഗീഥാ സലിമിനെ കണ്ടു. ‘താങ്കള്‍ പറയുന്നതു ശരിയായിരിക്കും. പക്ഷേ, ഈ നാടകം എന്റെ കയ്യില്‍ കിട്ടിയതു മറ്റൊരാളുടെ പേരിലാണ്’ എന്ന നിസ്സഹായാവസ്ഥ സലാം പങ്കുവച്ചു. പിന്നീട് സിന്ധു നാടകമെഴുതിയില്ല.

എന്നാല്‍ ഉദയനാണ് താരത്തിലേതുപോലെതന്നെ കാലം അദ്ദേഹത്തിനായി പലതും കരുതിവച്ചിരുന്നു. സിന്ധുരാജ് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായി. സിന്ധു എഴുതിയ ‘ജലോത്സവ’ത്തില്‍ ഗീഥാ സലാം മുഴുനീള വേഷം ചെയ്തു. അത്യന്തം നാടകീയമായത് സംഭവിച്ചത് പിന്നീടൊരിക്കലാണ്. സിനിമയില്‍ അവസരം തേടി വിളിച്ചിരിക്കുന്നു, ആ പഴയ നാടകസമിതി ഉടമയുടെ മകന്‍. വായില്‍ തോന്നിയതൊക്കെ പറഞ്ഞാലും മറുതലയ്ക്കല്‍ നിന്ന് പ്രതികരണമുണ്ടാവില്ലെന്ന് നന്നായറിയാമായിരുന്നെങ്കിലും സിന്ധുരാജ് ഇതുമാത്രം പറഞ്ഞു.. ‘നോക്കട്ടെ. പറ്റുന്ന വേഷം വല്ലതും വരുമ്പോള്‍ ഞാന്‍ അറിയിക്കാം’.

Related posts