അടിമാലി: മൂന്നാഴ്ച മുൻപ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയതായി സൂചന.
ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധു (45)വിന്റെ മൃതദേഹം കുഴിച്ചുമൂടിയതായാണ് നിഗമനം.
ഇവരുടെ അയൽവാസിയായ പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ മൃതദേഹം കുഴിച്ചിട്ടുണ്ടെന്നാണ് സൂചനയുള്ളത്.
ബിനോയിയുടെ വീടിനു സമീപമുള്ള വാടകവീട്ടിലായിരുന്നു സിന്ധുവും 12 വയസുള്ള ഇളയ മകനും താമസിച്ചിരുന്നത്.
അയൽവാസിയായ മണിക്കുന്നേൽ ബിനോയി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയിതന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണസംഘം.
കഴിഞ്ഞ 12-നാണ് സിന്ധുവിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന സിന്ധു കഴിഞ്ഞ അഞ്ചുവർഷമായി പണിക്കൻകുടിയിൽ ബിനോയിയുടെ വീടിനു സമീപത്താണ് വാടകയ്ക്ക് താമസിച്ചുവന്നിരുന്നത്.
ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുപ്പത്തിലായിരുന്നതായാണ് അയൽവാസികൾ പറയുന്നത്.
കഴിഞ്ഞ 11-ന് രാത്രി സിന്ധു മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടുകിടപ്പിനായി പറഞ്ഞയച്ചു.
12-ന് മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സിന്ധുവിനെ കാണാനില്ലായിരുന്നു.
തുടർന്ന് മകൻ സിന്ധുവിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതിയും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ 15-ന് പോലീസ് അന്വേഷണം ആരംഭിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിനോയിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 16-ന് ബിനോയി ഒളിവിൽ പോയി.
ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പുതിയ നിർമാണം നടത്തിയിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പോലീസിന് മൊഴി നൽകിയെങ്കിലും അവിടെ പരിശോധന നടത്താൻ പോലീസ് തയാറായില്ല.
സിന്ധുവിന്റെ ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെത്തി അടുക്കള കുഴിച്ച് പരിശോധിക്കുകയും രണ്ടടിയോളം മണ്ണു മാറ്റിയപ്പോൾ ഒരു മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇന്ന് ഇടുക്കി തഹസിൽദാരുടെ മേൽനോട്ടത്തിൽ കുഴി മാന്തി മൃതദേഹം പുറത്തെടുക്കും. പ്രതിയെന്ന് സംശയിക്കുന്ന ബിനോയി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
ബിനോയി പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സിഐ ആർ. കുമാർ, എസ്ഐമാരായ രാജേഷ് കുമാർ, സജി എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം ബിനോയിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്.