ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം പി.വി. സിന്ധുവിന് നല്ലൊരു വര്‍ഷമായിരുന്നു. 2017ല്‍ രണ്ടു സൂപ്പര്‍ സീരീസ് ഉള്‍പ്പെടെ മൂന്നു കിരീടങ്ങള്‍ നേടി. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേര് ഈ വര്‍ഷം സിന്ധു സ്വന്തമാക്കി. എന്നാല്‍, മൂന്നു ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. കിരീടം പ്രതീക്ഷിച്ച ലോക ചാമ്പ്യന്‍ഷിപ്പ്, സൂപ്പര്‍ സീരീസ് ഫൈനല്‍ എന്നിവയില്‍ സിന്ധു തോറ്റു. ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സൈന നെഹ്വാളിനോട് പരാജയപ്പെടുകയും ചെയ്തു.
ഫൈനലുകളില്‍ പരാജയപ്പെടുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് സിന്ധു പറഞ്ഞു. എന്നാലും ദുഃഖമില്ല. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. അതില്‍ നീണ്ട ഗെയിം ഉണ്ടായിരുന്നു. ഓരോ ഫൈനലിലും മികച്ച പോരാട്ടം നടത്തിയശേഷമാണ് പരാജയപ്പെടുന്നത്. അതുകൊണ്ട് ദുഃഖമില്ലെന്നും സിന്ധു പറഞ്ഞു.
ദുബായില്‍ നടന്ന സൂപ്പര്‍ സീരീസ് ഫൈനല്‍സിലും സിന്ധു ലോക രണ്ടാം നമ്പര്‍ അകാനെ യാമഗുച്ചിയോട് പരാജയമേറ്റുവാങ്ങിയിരുന്നു. ഈ മത്സരവും ലോക ചാമ്പ്യന്‍ഷിപ്പ് പോലെയായിരുന്നു. മത്സരത്തിന്റെ അവസാനം തോല്‍വി തന്നെ വേദനിപ്പിച്ചു. തോല്‍വികള്‍ തന്നെ ശക്തമായ തിരിച്ചുവരവിന് കരുത്ത് നല്‍കുകയാണെന്നും ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പറഞ്ഞു. മത്സരത്തില്‍ തോല്‍വിയും ജയവും ഉണ്ടാകുമെന്നും ഇന്ത്യയുടെ സൂപ്പര്‍ താരം പറഞ്ഞു.