ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രജത ചകോരം പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ് കമ്മീഷണർ അനിൽ ചന്ദ്ര പുനീതിൽനിന്നാണ് ഉത്തരാദിത്വം ഏറ്റെടുത്തത്.
ഇന്ന് വൈകുന്നേരം കൃഷ്ണ ജില്ലയിൽ എത്തി കളക്ടർ ബി. ലക്ഷ്മി കാന്തത്തെ സിന്ധു സന്ദർശിച്ച് ജോലിയിൽ പ്രവേശിച്ചു. തന്റെ ആദ്യത്തെ പരിഗണന ബാഡ്മിന്റൺ ആണെന്ന് സിന്ധു പ്രതികരിച്ചു. സ്പോർട്സിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സിന്ധു പറഞ്ഞു. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി ഭരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറാണ് സിന്ധു.
നേരത്തെ ഒളിമ്പിക്സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്രാ പ്രദേശ് സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു. മൂന്ന് കോടി രൂപയാണ് ആന്ധ്രാ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയത്.
കൂടാതെ സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലിയും വാഗ്ദാനം ചെയ്തതിരുന്നു. തെലുങ്കാന സര്‍ക്കാരാകട്ടെ അഞ്ച് കോടി രൂപയാണ് സിന്ധുവിന് അന്ന് സമ്മാനിച്ചത്. ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് പി.വി സിന്ധു.