ചെന്നലോട്: മാനന്തവാടി സബ് ആർടി ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്തതിലെ ദുരൂഹത പോലീസ് നിസംഗത വെടിഞ്ഞു കുറ്റമറ്റ രീതിയിൽ അന്വേഷിച്ചു കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെസിവൈഎം ചെന്നലോട് യൂണിറ്റ് ആവശ്യപ്പെട്ടു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ട സിന്ധു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം അംഗങ്ങൾ നോട്ട് മാലചാർത്തി പ്രതിഷേധിച്ചു.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും അഴിമതിക്ക് കൂട്ടു നിൽക്കാത്തതുമാണ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാണ്.
എന്നിട്ടും പോലീസ് കുറ്റക്കാരെ കണ്ടെത്താൻ വൈകുന്നത് നീതിനിഷേധമാണെന്ന് ജോണ്സണ് മുണ്ടിയങ്കൽ കുറ്റപ്പെടുത്തി. പ്രസിഡന്റ് സിബിയ അന്പലത്തിങ്കൽ, അബിൻ റോഷ്, ദിയ വിജീഷ്, അരുണ്‍, റിജോ തുടങ്ങിയവർ നേതൃത്വം നൽകി.
സമഗ്ര അന്വേഷണം വേണം: കേരള എൻജിഒ അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ആവശ്യപ്പെട്ടു.
ഓഫീസിലെ സമ്മർദ്ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഊഹാപോഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിനെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്.
മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും യാതൊരു തരത്തിലുള്ള ഇടപെടലുകളോ അന്വേഷണമോ നടത്താതിരുന്നത് അനാസ്ഥയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളു.
കെ.ടി. ഷാജി, എൻ.ജെ. ഷിബു, സജി ജോണ്‍, വി.ആർ. ജയപ്രകാശ്, ഇ.എസ്. ബെന്നി, എം.സി. ശ്രീരാമകൃഷ്ണൻ, സി.ജി. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, കെ.ഇ. ഷീജമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
സമഗ്ര അന്വേഷണം വേണം: എൻജിഇഎ
കൽപ്പറ്റ: ഓഫീസിൽ മാനസിക പീഡനം പരാതിപ്പെട്ട മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി പി.എ. സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കേരള നോണ്‍ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. നളിനാക്ഷൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് യു. അനില, പി. ജാബിർ, ജനറൽ സെക്രട്ടറി സ്കറിയ വർഗീസ്, സെക്രട്ടറിമാരായ ബിജു നന്പ്യാർ കണ്ണൂർ, കെ. നാരായണൻ, ഷിനോയ് കുമിളി, ടി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു..