ചാലക്കുടി: 19 വയസുള്ള വിദ്യാർഥിനിയെ മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പരിയാരം അന്ത്രക്കാന്പാടം ഇരിഞ്ഞാംപിള്ളി വിഷ്ണു (27)വിനെയാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പി.പ്രദീപ്കുമാർ, ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പോട്ടയിലെ വീട്ടിൽവച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നേരത്തെ അറസ്റ്റിലായ എട്ടാംപ്രതി സിന്ധുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഡ്രൈവറായി ജോലി ചെയ്യുന്ന വിഷ്ണു സിന്ധുവിന്റെ അടുത്ത സുഹൃത്താണ്. സിന്ധുവാണ് വിഷ്ണുവിനു പെണ്‍കുട്ടിയെ കാഴ്ചവച്ചത്. പോട്ടയിലെ വീട്ടിൽ സിന്ധുവിന്റെ ക്ഷണപ്രകാരമാണ് വിഷ്ണു എത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടിയെ പീഡനത്തിനു വിധേയമാക്കിയതായി സമ്മതിച്ചു.
അറസ്റ്റു രേഖപ്പെടുത്തി മറ്റു നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കും. എസ്ഐ പി.ഡി.അനിൽകുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, സി.ഒ.തോമസ്, വി.യു.സിൽജൊ, എ.യു.റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ വനിതാ പോലീസ് പി.എൻ.ഷീബ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.