ഹൈദരാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇടംപിടിച്ചു. 13-ാം സ്ഥാനത്താണ് ഇന്ത്യൻ താരം. 38 കോടി രൂപയാണ് (5.5 മില്യണ്‍ ഡോളർ) കഴിഞ്ഞ വർഷം സിന്ധുവിന് ലഭിച്ച പ്രതിഫലം. 2018 ജൂണ്‍ മുതൽ 2019 ജൂണ്‍ വരെയുള്ള കാലയളവാണ് ഫോബ്സ് പരിഗണിച്ചത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ സിന്ധു ഏഴാമതായിരുന്നു.
പ്രതിഫലത്തിൽ ലോക ഒന്നാം നന്പർ അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസാണ്. 200 കോടി രൂപ (29.2 മില്യണ്‍ ഡോളർ) സെറീനയ്ക്ക് കഴിഞ്ഞ വർഷം ലഭിച്ച പ്രതിഫലം. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് രണ്ടാമത്. ലോക രണ്ടാം റാങ്കുകാരിയായ ഒസാക്കയുടെ സന്പാദ്യം 170 കോടി രൂപ (24.3 മില്യണ്‍ ഡോളർ) ആണ്.
ഇന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള വനിതാ കായികതാരം ഇപ്പോഴും സിന്ധുവാണെന്നും 2018ൽ സീസണിലെ അവസാന ചാന്പ്യൻഷിപ്പായ വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റണ്‍ കിരീടം നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു മാറിയെന്നും ഫോബ്സ് മാസിക ചൂണ്ടിക്കാട്ടി. സമ്മാനത്തുക, ശന്പളം, ബോണസ് തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഓരോ വർഷത്തെയും പ്രതിഫലപ്പട്ടിക തയാറാക്കുന്നത്.