ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണിന്റെ തിരുനെറ്റിയിൽ സിന്ദൂര തിലകം ചാർത്തി ഇന്ത്യയുടെ പി.വി. സിന്ധു. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം ലോക ബാഡ്മിന്റണ് കിരീടത്തിൽ മുത്തമിട്ടു. വനിതാ സിംഗിൾസ് ഫൈനലിൽ ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്കു നിഷ്പ്രഭമാക്കിയാണ് സിന്ധു കിരീടം ചൂടിയത്. മൂന്നാം സീഡായ ഒകുഹാരയെ 21-7, 21-7നാണ് അഞ്ചാം സീഡായ സിന്ധു നിലംപരിശാക്കിയത്.
വെറും 38 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. അതോടെ 2017 ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാരയ്ക്കു മുന്നിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം സിന്ധു തീർത്തു.
2017, 18 വർഷങ്ങളിലും ഫൈനലിൽ പ്രവേശിച്ചെങ്കിലും സിന്ധുവിന് കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല. രണ്ട് തവണയും നഷ്ടപ്പെട്ട സ്വർണമാണ് ഇത്തവണ ഇന്ത്യൻ താരം കൈപ്പിടിയിലൊതുക്കിയത്.
ഒന്നിൽ പിഴച്ചാൽ…
2017ൽ ഒകുഹാരയോടും 2018ൽ സ്പെയിനിന്റെ കരോളിന മാരിനോടും ഫൈനലിൽ പരാജയപ്പെട്ട സിന്ധു മൂന്നാം ഫൈനലിൽ സ്വർണമണിഞ്ഞു. ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന ചൊല്ല് സാധൂകരിക്കുന്ന പ്രകടനമായിരുന്നു സിന്ധുവിന്േറത്. തുടർച്ചയായ ഫൈനലുകളിലെ തോൽവിയുടെ നാണക്കേടും സിന്ധു ഇതോടെ കഴുകിക്കളഞ്ഞു.
2013, 14 വർഷങ്ങളിൽ വെങ്കലം നേടിയ സിന്ധു ഇതോടെ ലോക ചാന്പ്യൻഷിപ്പിൽ അഞ്ചു മെഡൽ നേടുന്ന ഒരേയൊരു ഇന്ത്യൻ താരമെന്ന നേട്ടവുംസ്വന്തമാക്കി.
ക്രോസ് ഷോട്ട് എന്ന തന്ത്രം
ഉയരത്തിന്റെ ആനുകൂല്യം ഉണ്ടെങ്കിലും പ്രധാന ഫൈനലുകളിൽ അത് മുതലെടുക്കാൻ സിന്ധുവിന് പലപ്പോഴും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സിന്ധുവിനേക്കാൾ ഉയരം കുറഞ്ഞ തായ് സു യിംഗ്, സൈന നേഹ്വാൾ, അകാനെ യാമഗുച്ചി, ഒകുഹാര എന്നിവരെല്ലാം പലപ്പോഴും ഫൈനലിൽ വിജയിച്ചു. എന്നാൽ, പുതിയ തന്ത്രവുമായാണ് ഇത്തവണ സിന്ധു എത്തിയത്.
ക്രോസ് ഷോട്ടുകൾ തുടർച്ചയായി ഉപയോഗിക്കുക എന്നതായിരുന്നു തന്ത്രം. 2017 ഫൈനലിൽ അർധസെഞ്ചുറി പിന്നിടുന്ന റാലികൾ കളിച്ചെങ്കിലും ഒകുഹാര സിന്ധുവിനെ കീഴടക്കിയിരുന്നു. നീണ്ട റാലികൾ ഉപേക്ഷിച്ച് കായിക ക്ഷമത ചോരാതെ ക്രോസ് ഷോട്ടിലൂടെ എതിരാളിയെ തകർക്കുകയായിരുന്നു ഇത്തവണ സിന്ധു. ഫൈനലിൽ ആ തന്ത്രം അതിന്റെ പാരമ്യത്തിലെത്തി.
സിന്ധുവിന്റെ ക്രോസ് ഷോട്ടുകൾക്കു മുന്നിൽ ഒകുഹാരയ്ക്ക് മഹാഭൂരിപക്ഷം സമയവും ഉത്തരമില്ലാതായി. കോർട്ടിൽ പലപ്പോഴും ജാപ്പനീസ് താരത്തിനു നിലതെറ്റുകയും ചെയ്തു. ഒകുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ആദ്യ ഗെയിമിന്റെ തുടക്കം മുതൽ ഒകുഹാരയെ സമ്മർദത്തിലാക്കുന്നതായിരുന്നു സിന്ധുവിന്റെ പ്രകടനം. സിന്ധുവിന്റെ കടന്നാക്രമണത്തിൽ പകച്ചുപോയ ഒകുഹാര തെറ്റുകൾ ആവർത്തിച്ചതും ഇന്ത്യൻ താരത്തിനു ഗുണം ചെയ്തു.