ന്യൂയോർക്ക്: ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ കായികതാരങ്ങളിൽ ഇന്ത്യയുടെ പി.വി സിന്ധുവും. ലോക ഒന്നാം നമ്പർ ടെന്നീസ് താരത്തെ കടത്തിവെട്ടിയാണ് ബാഡ്മിന്റൺ താരം സിന്ധു ഞെട്ടിച്ചത്. ടെന്നീസ് ലോക ഒന്നാം നമ്പർ സിമോണ ഹാലപ്പാണ് സിന്ധുവിന്റെ വരുമാനത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരിയായത്. ഫോർബ്സ് മാഗസിനാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഫോർബ്സിന്റെ പട്ടികയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ താരങ്ങളിൽ സിന്ധു ഏഴാം സ്ഥാനത്താണ്.
ബാഡ്മിന്റൺ കോർട്ടിൽനിന്നു മാത്രമായി സിന്ധു മൂന്നരക്കോടി രൂപയാണ് (500,000 ഡോളർ) കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. സ്പോൺസർഷിപ്പിൽനിന്നും എട്ട് ദശലക്ഷം ഡോളറും സ്വന്തമാക്കി. സിന്ധുവിന്റെ ആഴ്ചയിലെ ആകെ വരുമാനം ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം (11247000) രൂപയാണ്.
ഫോർബ്സിന്റെ കണക്കിൽ ടെന്നീസ് താരം സെറീന വില്യംസാണ് ഇത്തവണയും വനിതാ താരങ്ങളിൽ മുന്നിൽ. സെറീനയുടെ ഒരു വർഷത്തെ വരുമാനം 18.062 ദശലക്ഷം ഡോളറാണ്. വോസ്നിയാക്കിയാണ് രണ്ടാം സ്ഥാനത്ത്. വോസ്നിയാക്കിക്ക് 13 ദശലക്ഷം ഡോളറാണ് സമ്പാദ്യം. സിന്ധുവരെ ആദ്യത്തെ ആറു പേരും ടെന്നീസിൽനിന്നുള്ളവരാണ്. പട്ടികയിലെ ആദ്യപത്തിൽ പി.വി.സിന്ധുവും മുന്‍ കാര്‍ ഡ്രൈവറുമായ ഡാനികാ പാട്രികുമാണ് ടെന്നീസ് താരങ്ങളല്ലാത്തവർ.