കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷണം മൂന്നാഴ്ച പിന്നിട്ടിട്ടും ഇവരെ പറ്റിയുള്ള യാതൊരു സൂചനയും ലഭിച്ചില്ല. കണ്ണവം പോലീസും വനപാലകരും നാട്ടുകാരും തിരച്ചിൽ നിർത്തിയിട്ടുമില്ല. 2024 ഡിസംബർ 31 നാണ് കണ്ണവം നഗറിലെ വേലേരി മലയമ്പാടി വീട്ടിൽ രവിയുടെ ഭാര്യ എൻ. സിന്ധുവിനെയാണ്(40) കാണാതായത്. വനത്തിൽ വിറക് ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.
അന്വേഷണം ഇങ്ങിനെ
സിന്ധുവിനെ കാണാതായതിനെ തുടർന്ന് ആദ്യം കണ്ണവം പോലീസും വനം വകുപ്പുദ്യോഗസ്ഥരുമായിരുന്നു തെരച്ചിൽ നടത്തിയത്. ഇവരെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ പിന്നീട് വനത്തിനകത്ത് തെരച്ചിൽ നടത്തുന്നതിന് പ്രാവീണ്യം നേടിയ പ്രത്യേക പോലീസ് സംഘവും തണ്ടർബോൾട്ടും ക്യുആർടിയും തെരച്ചിൽ ഏറ്റെടുത്തു. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനുള്ള യാതൊരു സൂചനയും ലഭിച്ചില്ല.
വിവിധ ഭാഗങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെയും കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്ന് തെരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണവം നഗർ, വെങ്ങളം, എളമാംഗൽ, ചെമ്പുക്കാവ് തുടങ്ങിയ ഫോറസ്റ്റ് ഏരിയകളിലും പരിശോധന നടത്തി.
സർക്കാർ തലത്തിൽ ഇടപെടൽ
സിന്ധുവിനെ കാണാതായ സംഭവത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സിന്ധുവിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് ജില്ലാ കുറിച്യ മുന്നേറ്റ സമിതിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തെരച്ചിലിന് ആധുനിക യന്ത്ര സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നും വെള്ളം നിറഞ്ഞു നിൽക്കുന്ന ക്വാറികൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും യുവതി മറ്റ് പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിസിടിവി കാമറകൾ പരിശോധിക്കണമെന്നും ജില്ലാ കുറിച്യ മുന്നേറ്റ സമിതി മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
യുവതിയെ കണ്ടെത്താനുള്ള ഭാഗമായി പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണവം വനത്തിനകത്തും തെരച്ചിൽ നടന്നു. കെ.പി മോഹനൻ എംഎൽഎ ഉൾപ്പെടെ ജന്രതിനിധികളും കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ പോലീസും സിന്ധുവിന്റെ വീട്ടിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
തെരച്ചിൽ സജീവമാക്കാൻ തീരുമാനം
ആഴ്ചകൾ പിന്നിട്ടിട്ടും സിന്ധുവിനെ കണ്ടെത്താത്തതിനെ തുടർന്ന് തെരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി. മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റർ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ സുശക്തമായ തെരച്ചിൽ നടത്താനാണ് തീരുമാനിച്ചത്.
യുവതിയെ കണ്ടെത്താനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.പി. മോഹനൻ എംഎൽഎ യോഗത്തിൽ അറിയിച്ചിരുന്നു.എന്നാൽ, പോലീസും വനപാലകരും, പ്രത്യേക പോലീസ് സംഘവും ആധുനീക യന്ത്ര സൗകര്യങ്ങളോടെ ദിവസങ്ങളായി തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല.
ആശങ്കയിലായി കുടുംബം
സിന്ധുവിനെ കാണാതായി മൂന്നാഴ്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്തത് പോലീസിനെയും യുവതിയുടെ വീട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. വനവുമായി നല്ല ബന്ധമുള്ള സ്ത്രീ ആയതു കൊണ്ട് തന്നെ വനത്തിനകത്തു കൂടി ഇവർ അയൽപ്രദേശത്തേക്ക് പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
അതുകൊണ്ടു തന്നെ കുറ്റ്യാടി, വയനാട് മേഖലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആശുപത്രികൾ, തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി. ഇവരെ കണ്ടെത്താനായുള്ള വനത്തിലെ പരിശോധന ഏറെ ദുർഘടം നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. വനത്തിനകത്തെ ഉൾപ്രദേശങ്ങളിൽ ആനയും പുലിയുമൊക്കെ വിഹരിക്കുന്ന സ്ഥലമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
വ്യത്യസ്തമായ ജീവിതം
സിന്ധുവിന് ഭർത്താവും മകളുമുണ്ടെങ്കിലും ഇരുവരും ബന്ധുവീടുകളിലാണ് താമസം. മറ്റ് ബന്ധുക്കളുടെ വീടിന് സമീപം വനത്തിനകത്ത് ചെറിയൊരു ഷെഡിലായിരുന്നു സിന്ധു തനിച്ച് താമസിച്ചു വന്നത്. പരിസരവാസികളുമായോ നാട്ടുകാരുമായോ അടുത്ത ബന്ധവും ഇവർക്കുണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ വല്ലപ്പോഴും പ്രദേശത്തെ കടയിൽ നിന്ന് വാങ്ങുമെങ്കിലും ഇതിന്റെ പണം കൊടുത്തിരുന്നത് ഇവരുടെ അച്ഛനായിരുന്നു.
ഭക്ഷണമൊന്നും ലഭിച്ചില്ലെങ്കിലും ദിവസങ്ങളോളം വനത്തിനകത്ത് നിന്ന് പഴവർഗങ്ങളൊക്കെ കഴിച്ച് ജീവിക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇവരെ കണ്ടെത്താൻ സഹായകമാവുന്ന വിധം അടുത്ത കാലത്തായി എടുത്ത ഫോട്ടോകളൊന്നും ലഭ്യമല്ല എന്നതാണ് അന്വേഷണ സംഘത്തിന് വിഘാതമാകുന്നത്. മുമ്പെങ്ങോ എടുത്ത ഒരു ഫോട്ടോ മാത്രമാണ് പോലീസിന്റെ കൈവശമുള്ളത്. ഫോട്ടോയിൽ കാണുന്ന രൂപത്തിലല്ല സ്ത്രീയുടെ ഇപ്പോഴത്തെ രൂപമെന്നും പോലീസ് പറയുന്നു.
എം. രാജീവൻ