ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ അപ്രതീക്ഷിത അട്ടിമറി. ലോക മൂന്നാം നന്പറായ ഇന്ത്യൻ വനിതാ സിംഗിൾസ് താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ബീവെൻ ഹാങ് ആണ് ഇന്ത്യൻ താരത്തെ അട്ടിമറിച്ചത്.
56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 17-21, 21-16, 18-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. തുടർച്ചയായ മൂന്നാം തവണയാണ് ഹാങിനു മുന്നിൽ സിന്ധു പരാജയപ്പെടുന്നത്. ഫെബ്രുവരിയിൽ ഇന്ത്യൻ ഓപ്പണ്‍ ഫൈനലിൽ സിന്ധുവിനെ കീഴടക്കി ഹാങ് കിരീടം സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് വെള്ളി നേട്ടത്തിനുശേഷം സിന്ധു മോശം അവസ്ഥയിലാണ്. ജപ്പാൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാർട്ടറിലും ഇരുപത്തിമൂന്നുകാരിയായ സിന്ധു പുറത്തായിരുന്നു.
അതേസമയം, സൈന നെഹ്വാൾ ശക്തമായ പോരാട്ടത്തിനൊടുവിൽ രണ്ടാം റൗണ്ടിൽ ഇടംനേടി. ഹോങ്കോംഗിന്റെ ചിയുങ് ഗാൻ യിയെയാണ് സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്.
സ്കോർ: 20-22, 21-17, 24-22. ലോക രണ്ടാം നന്പറായ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയാണ് രണ്ടാം റൗണ്ടിൽ സൈനയുടെ എതിരാളി. സ്പെയിനിന്റെ ബിയാട്രിസ് കൊറാലെസിനെയാണ് യാമഗുച്ചി ആദ്യ റൗണ്ടിൽ മറികടന്നത്. സ്കോർ: 18-21, 21-15, 21-16.