ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഒളിമ്പിക് മെഡലുകള്‍ സമ്മാനിച്ച പി.വി. സിന്ധുവും സൈന നെഹ്വാളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം സിന്ധുവിനൊപ്പം. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ താരയുദ്ധം. ആവേശകരമായ മത്സരത്തില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്. 21-16, 22-20നായിരുന്നു റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം. സെമിയില്‍ സിന്ധു ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യൂനെ നേരിടും.
ആദ്യഗെയിമില്‍ തുടക്കത്തിലേ ലീഡ് നഷ്ടപ്പെടാതെ കുതിച്ച സിന്ധു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സൈന ശക്തമായി തിരിച്ചുവന്നു. തുടക്കത്തിലേ ലീഡ് നേടാന്‍ സൈനയ്ക്കായി. എന്നാല്‍, വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന സിന്ധു സൈനയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചുകൊണ്ടിരുന്നു.
ലീഡുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് 19-17ന് മുന്നില്‍ നില്ക്കുമ്പോള് വരുത്തിയ പിഴവ് സിന്ധുവിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. സൈനയുടെ സര്‍വ് നേരെ നെറ്റില്‍. ഇതോടെ 19-18ന് സിന്ധു ലീഡ് കുറച്ചു.
അടുത്ത പോയിന്റിനായി ഇരുവരും നീണ്ട പോരാട്ടം നടത്തി. ക്രമേണ നിര്‍ണായകമായ പോയിന്റ് നേടിയ സിന്ധു സൈനയ്ക്കോപ്പമെത്തി. അടുത്ത പോയിന്റും റിയോയിലെ വെള്ളി മെഡല്‍ ജേതാവ് അനായാസം നേടി. സിന്ധുവിന് മത്സരം സ്വന്തമാക്കാന്‍ ഒരു പോയിന്റിന്റെ ദൂരം മാത്രം. യാതൊരു പ്രയാസവുമില്ലാതെ സിന്ധു മത്സരവിജയത്തിനുള്ള പോയിന്റും സ്വന്തമാക്കി.
രണ്ടാം തവണയാണ് അന്താരാഷ്ട്രതലത്തില്‍ സിന്ധുവും സൈനയും ഏറ്റുമുട്ടിയത്. 2014ല്‍ സയിദ് മോദി ഗ്രാന്‍ പ്രീയുടെ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍വന്നപ്പോള്‍ സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജയിച്ചിരുന്നു. ഇതിനുശേഷം ഈ വര്‍ഷം ആദ്യം നടന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം സിന്ധുവിനൊപ്പമായിരുന്നു.
രണ്ടാം റൗണ്ട് മത്സരങ്ങളില്‍ സൈന തായ്ലന്‍ഡിന്റെ പോണ്‍പാവെ ചോചുവോംഗിനെ 21-14, 21-12നും സിന്ധു ജപ്പാന്റെ സായിന കവാകാമിയെ 21-16, 23-21ന് തോല്‍പ്പിച്ചുമാണ് ക്വാര്‍ട്ടറിലെത്തിയത്.