ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് 19 വയസുള്ള വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇടനിലക്കാരി പോലീസ് പിടിയിലായി. വെറ്റിലപ്പാറ ചിക്ലായി പുനിയേടത്ത് വീട്ടിൽ സിന്ധു സുരേഷ്(36)നെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
മോഡലിംഗ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ തന്ത്രപൂർവം ഹോട്ടലിൽ എത്തിച്ച് പീഡനത്തിന് വിധേയമാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിന് വിധേയമാക്കിയെന്ന പരാതിയിൽ മുന്പ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്കുട്ടിയെ സിന്ധു ഇടനിലക്കാരിയായി പോട്ടയിലെ വാടകവീട്ടിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചിരുന്നു. പോലീസ് അന്വേഷിക്കുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് സിന്ധു ഒളിവിൽ പോയിരിക്കുകയായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ ഒളിസങ്കേതത്തിൽ സിന്ധു എത്തിയതറിഞ്ഞ് അന്വേഷണസംഘം വീട് വളഞ്ഞാണ് പിടികൂടിയത്.
പോലീസ് പിടികൂടുന്പോൾ സിന്ധു മദ്യപിച്ച നിലയിലായിരുന്നു. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് സിന്ധു. വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർഥിനിയെ നിരവധി പേർക്ക് കാഴ്ച വച്ചതായി സിന്ധു സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐ പി.ഡി.അനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ് എന്നിവരും മാള സ്റ്റേഷനിലെ സീനിയർ സിപിഒ സി.എം.തോമസ്, പി.എൻ.ഷീബ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.