ബേസിൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം പി.വി. സിന്ധു സ്വന്തമാക്കി. പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്. എസ്. പ്രണോയി തോറ്റു.
വനിതാ ഫൈനലിൽ ഇന്ത്യൻ താരം നേരിട്ടുള്ള ഗെയിമുകൾക്കു തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാംറുങ്ഫാനെയാണു സിന്ധു തോൽപിച്ചത്.
സ്കോർ: 21-16, 21-8. ഈ സീസണിലെ സിന്ധുവിന്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്. ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും സിന്ധുവിനായിരുന്നു വിജയം.
ജനുവരിയിൽ നടന്ന സയ്യിദ് മോദി ഇന്റർനാഷണൽ കിരീടവും സിന്ധുവിനായിരുന്നു. ആദ്യമായാണ് സ്വിസ് ഓപ്പണിൽ സിന്ധു ജേതാവാകുന്നത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു.
എന്നാൽ ഒളിന്പിക് ജേതാവ് കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ നാലാം സീഡായ തായ്ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണു സിന്ധുവിന്റെ വിജയം. മത്സരം 49 മിനിറ്റിനുള്ളിൽ അവസാനിച്ചു.
2019ൽ ലോക ചാന്പ്യൻഷിപ്പിൽ സിന്ധു സ്വർണമെഡൽ കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു.ആക്രമണ മൂഡിലായിരുന്ന സിന്ധു തുടക്കത്തിൽ 3-0നു മുന്നിലെത്തി.
എന്നാൽ, തായലൻഡ് താരം വിട്ടുകൊടുത്തില്ല. മികച്ച ഷോട്ടുകളിലൂടെ സിന്ധുവിനൊപ്പം 7-7ലെത്തി. മത്സരത്തിൽ ലീഡ് നേടിയെടുക്കാൻ സിന്ധുവിനായി. ഇടവേളയ്ക്കുശേഷം ഇന്ത്യൻ താരം ആധിപത്യം പുലർത്തി ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ ബുസാനന്‍ ആദ്യഗെയിമിലെ മികവിലേക്ക് ഉയരാനായില്ല. സിന്ധു കൂടുതൽ ആക്രമണകാരിയായി. തുടക്കത്തിലേ സിന്ധു 5-0ന് മുന്നിലെത്തി. വേഗത്തിൽ പോയിന്റുകൾ നേടി സിന്ധു അനായാസം ഗെയിം സ്വന്തമാക്കി.
പുരുഷ സിംഗിൾസ് ഫൈനലിൽ പ്രണോയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റി പരാജയപ്പെടുത്തി. 21-12, 21-18നാണ് ഇന്ത്യൻ താരം തോറ്റത്.