തൃശൂർ: തിരൂരിൽ വയോധികയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചു സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടിയിൽ താമസിക്കുന്ന, തൊടുപുഴ ഏഴല്ലൂർ കുമാരമംഗലത്തു പാഴേരിയിൽ വീട്ടിൽ പി.എ. ജാഫർ(32), വനിതാസുഹൃത്ത് തൊടുപുഴ കാഞ്ഞിരമറ്റം ആലപ്പാട്ട് വീട്ടിൽ കെ.ജെ. സിന്ധു(40) എന്നിവരാണ് അറസ്റ്റിലായത്.
തിരൂരിൽ വട്ടായി ഭാഗത്തേക്കു പോകുന്നതിനു ബസ് കാത്തുനിന്ന എഴുപത്തിമൂന്നുകാരിയെയാണ് കഴിഞ്ഞ ഒന്പതിനു പ്രതികൾ ഓട്ടോയിൽ നിർബന്ധിച്ചുകയറ്റിയശേഷം ആക്രമിച്ചു സ്വർണം കവർന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ:
ബസ് കാത്തുനിന്ന സുശീലയോട് എവിടേക്കാണു പോകേണ്ടതെന്നു ചോദിച്ചാണ് അടുത്തുകൂടിയത്. വട്ടായിയിലേക്കാണെന്നു പറഞ്ഞപ്പോൾ തങ്ങളും അവിടേക്കാണെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.
പൂമല ഡാം വഴി പോയശേഷം ആളൊഴിഞ്ഞ റബർ എസ്റ്റേറ്റിലേക്ക് ഓട്ടോ കയറ്റിയിട്ടു. തുടർന്നു സിന്ധുവിനോടു കയറെടുത്തു സ്ത്രീയുടെ കഴുത്തിൽ മുറുക്കാൻ ജാഫർ നിർദേശിച്ചു.
വാഹനത്തിലുണ്ടായിരുന്ന വീൽസ്പാനർ കൊണ്ട് ആറുവട്ടം വയോധികയുടെ തലയ്ക്കടിച്ചു. അതിനിടെ കഴുത്തിലെ മൂന്നുപവന്റെ മാല അഴിച്ചെടുത്തു. തുടർന്ന് വയോധികയെ പത്തായക്കുണ്ട് ഡാമിനു കുറുകെയുള്ള റോഡിൽ തള്ളി കടന്നു.
നന്പർ ഇല്ലാതെ അതുവഴിപോയ ഓട്ടോ പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെങ്കിലും തിരിച്ചറിയാനായിരുന്നില്ല.
ദൃശ്യങ്ങൾ സൂക്ഷ്മതയോടെ പരിശോധിച്ച പോലീസ് വാഹനത്തിൽ ഘടിപ്പിച്ച പ്രത്യേകതയുള്ള രണ്ടു ടോപ് ലൈറ്റുകൾ കണ്ടെത്തി. അതിനടുത്ത് ഇരുവശങ്ങളിലായി പ്രത്യേക സ്റ്റിക്കറും പതിപ്പിച്ചിരുന്നു. സിന്ധു ധരിച്ചിരുന്ന വെള്ളനിറത്തിലുള്ള ചെരുപ്പും ദൃശ്യങ്ങളിൽനിന്നു ലഭിച്ചു. ഇതാണു കേസന്വേഷണത്തിൽ നിർണായകമായത്.
കളർ കോഡിൽ നിന്ന് ഓട്ടോറിക്ഷ മലയോര ഭാഗങ്ങളിൽ പെർമിറ്റുള്ളതാണെന്നു കണ്ടെത്തി. ഇവിടങ്ങളിൽനിന്നു തൃശൂരിൽ വന്നു താമസിക്കുന്നവരെ ചുറ്റിപ്പറ്റിയായി അന്വേഷണം.
ഇതിനിടെ ചാലക്കുടി മേലൂരിൽ പുലർച്ചെ വീട്ടിൽനിന്നു പുറപ്പെട്ടു രാത്രി മടങ്ങിയെത്തുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു. രഹസ്യമായി അന്വേഷിച്ചതോടെ ഇവിടെയുള്ള സ്ത്രീക്കു കാമറയിൽ കണ്ടതിനു സമാനമായ ചെരുപ്പുണ്ടെന്നു മനസിലാക്കി. ഇവരാണ് പ്രതികളെന്നുറപ്പിച്ച് ഇരുവരും വീട്ടിലെത്തിയപ്പോൾ അറസ്റ്റു ചെയ്യുകയായിരുന്നു. സമാനമായ മറ്റു കളവുകേസുകളിലും ഇവർ ഉൾപ്പെട്ടതായി ചോദ്യംചെയ്യലിൽ വ്യക്തമായി.
സിറ്റി പോലീസ് ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസൻ, സിറ്റി എസിപി വി.കെ. രാജു, ഷാഡോ എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റണ്, എം. രാജൻ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.