ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ അയൽവാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.
പ്രതിയുമായി അടുപ്പം നിലനിൽക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭർത്താവിനെ കാണാൻ പോയതിൽ ഇയാൾ പ്രകോപിതനായിരുന്നു എന്നു പറയുന്നു.
ഇയാളുടെ മൊബൈൽ നന്പർ പിന്തുടർന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ വീടിന്റെ അടുക്കളയിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇത് മൂന്നാഴ്ച മുൻപ് കാണാതായ കാമാക്ഷി സ്വദേശിനി താമഠത്തിൽ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്.
ഇയാളും സിന്ധുവും തമ്മിൽ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു.
ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയിൽനിന്നു പണിക്കൻകുടിയിലെത്തി വാടകവീട്ടിൽ താമസിക്കുകയായിരുന്നു.
ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.
കൂട്ടുകിടക്കാൻ
പ്രാഥമിക അന്വേഷണത്തിൽ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്.
ബന്ധുക്കളുടെ പരാതിയിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഡോഗ് സ്ക്വാഡ് വന്നിട്ടും
കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടു കിടക്കുന്നതിനായി സിന്ധു മകനെ പറഞ്ഞു വിട്ടിരുന്നു.
ബിനോയിയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.
തുടർന്ന് മകൻ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു.തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
ഭർത്താവിനെ കണ്ടതു പ്രകോപനം
സിന്ധു അടുത്ത നാളിൽ ഭർത്താവിനെ കാണാൻ പോയതിൽ ബിനോയി പ്രകോപിതനായിരുന്നു.
ഇതിന്റെ പേരിൽ വഴക്കിട്ട ഇയാൾ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു.
സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്.
തുടർന്ന് ഇയാളുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
രണ്ടടി താഴ്ചയിൽ
ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ നിർമാണം നടത്തിയിട്ടുണ്ടെന്നു സിന്ധുവിന്റെ ഇളയ മകൻ മൊഴി നൽകിയെങ്കിലും പോലീസ് കാര്യമായ പരിശോധന നടത്തിയിരുന്നില്ല.
തുടർന്നാണ് ബന്ധുക്കൾത്തന്നെ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. രണ്ട് അടിയോളം മണ്ണ് നീക്കിയപ്പോൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.