പറവൂർ: മകനുമൊത്ത് ലഡാക്കിലേക്ക് ബൈക്കിൽ യാത്രപോകാനുള്ള മോഹം രണ്ടുവർഷം മുന്‍പാണ് അന്‍പതുകാരിയായ സിന്ധു കുട്ടന്റെ മനസിൽ പൊട്ടിമുളച്ചത്.
ഏഴിക്കര പേരെപറമ്പിൽ സിന്ധു ഒടുവിൽ 26കാരനായ മകൻ ഗോപകുമാറുമൊത്ത് ഇന്നലെ രാവിലെ വീട്ടിൽനിന്നു യാത്ര തിരിച്ചു. റോയൽ എൻഫീൽഡിന്റെ ഹിമാലയൻ ബൈക്കിലാണു യാത്ര.
അമ്മയും മകനും മാറിമാറി ബൈക്ക് ഓടിച്ചാണു യാത്ര ചെയ്യുക. ഗോവ, പൂനെ, മഹാരാഷ്ട്ര, ജയ്പുർ, ശ്രീനഗർ വഴി നാലായിരത്തോളം കിലോമീറ്റർ താണ്ടിയാണ് ലഡാക്കിലെത്തുക. ഒരു ദിവസം 400 കിലോമീറ്ററോളം യാത്ര ചെയ്യും.
യാത്രയ്ക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും പൂർണ പിന്തുണയുണ്ടെന്ന് സിന്ധു പറഞ്ഞു. സിന്ധു മുന്‍പ് സ്കൂട്ടർ ഓടിക്കുമായിരുന്നെങ്കിലും ബൈക്ക് ഓടിച്ചിരുന്നില്ല.
ലഡാക്ക് യാത്രയ്ക്ക് തീരുമാനമെടുത്തതോടെ ഒരു വർഷം മുൻപ് ബൈക്ക് ഓടിക്കാൻ പഠിക്കുകയായിരുന്നു.
മഹാരാജാസ് കോളജിലെ കാന്റീൻ ജീവനക്കാരിയാണ് സിന്ധു. എടവടക്കാടുള്ള കടയിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ് ഗോപകുമാർ.