കോട്ടയം: പേമെന്റ് സീറ്റ് വിവാദം പുഞ്ചിരികൊണ്ടു നേരിടുകയാണ് പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്.
സീറ്റ് വിവാദവും സിപിഎമ്മിൽനിന്നും പുറത്താക്കിയെന്ന വാർത്തയും പ്രചരിക്കുന്നതിനിടയിലാണ് ഇന്നലെ ഡോ. സിന്ധുമോൾ ജേക്കബിന്റെ ഫോട്ടോഷൂട്ട് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ താൽക്കാലിക സ്റ്റുഡിയോയിൽ നടന്നത്.
പാർട്ടിയോട് ആലോചിക്കാതെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി ആയതിനാണ് നടപടിയെന്നാണ് പുറത്താക്കലിനെക്കുറിച്ച് സിപിഎം പ്രാദേശിക വിഭാഗത്തിന്റെ വാദം.
എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താൻ പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായതെന്നാണ് സിന്ധുമോൾ ജേക്കബ് പറയുന്നത്.
സിന്ധുമോൾ ജേക്കബിനെ സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി പുറത്താക്കിയ വിവരം അറിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ ഭാഷ്യം.
നിലവിൽ ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായ ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയെന്ന നോട്ടീസ് പതിക്കുന്പോൾ ഇവർ പാലായിൽ ജോസ് കെ. മാണിയുമായി തെരഞ്ഞെടുപ്പു ചർച്ചയിലായിരുന്നു.
വൈകുന്നേരത്തോടെ പിറവത്ത് എത്തിയ സ്ഥാനാർഥിയെ സിപിഎമ്മുകാർ തന്നെ ഷാളിട്ടു സ്വീകരിച്ചു.
14 വർഷമായി ബ്രാഞ്ച് കമ്മിറ്റിയംഗമായ സിന്ധുമോൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി നാലു തവണ മത്സരിച്ചു ജയിച്ചിട്ടുള്ളതാണ്. നാലു തവണയും സ്വതന്ത്ര ചിഹ്നത്തിലായിരുന്നു.
ഹോമിയോ ഡോക്ടറായ സിന്ധുമോൾ ഉഴവൂർ ഡോ. ജയ്സ് പി. ചെമ്മനാത്തിന്റെ ഭാര്യയാണ്. മകൻ കിരണ്‍ ജെ. ചെമ്മനാത്ത് ഗോഹട്ടി ഐഐടി വിദ്യാർഥിയാണ്.