കോട്ടയം: പാർട്ടിയംഗമല്ലാത്ത, മെന്പർഷിപ് പുതുക്കിയിട്ടില്ലാത്ത ഡോ. സിന്ധുമോൾ ജേക്കബിനെ എങ്ങനെ പാർട്ടി പുറത്താക്കുമെന്നു സിപിഎം ജില്ലാ കമ്മിറ്റി യോഗം. തുടർന്ന് സിന്ധുമോളെ പുറത്താക്കിയ പ്രാദേശിക നേതൃത്വത്തിന്റെ നടപടി തടഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പിറവത്ത് കേരള കോണ്ഗ്രസ് എം സ്ഥാനാർഥിയായി മത്സരിച്ച ഡോ. സിന്ധുമോൾ പാർട്ടിയംഗമല്ലെന്നും മെംബർഷിപ്പ് പുതുക്കിയില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
വിഷയത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് ജില്ല കമ്മിറ്റി പൂർണമായും നിരാകരിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ. തോമസ് എന്നിവർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
താൻ പാർട്ടിയംഗമല്ലെന്നും പാർട്ടിയംഗമല്ലാത്ത തന്നെ പുറത്താക്കാൻ ആർക്കും അധികാരമില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് ആവശ്യപ്പെട്ടാൽ രാജിവയ്ക്കാൻ തയാറാണെന്നും സിന്ധുമോൾ ജേക്കബും പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് സ്ഥാനാർഥിയായി സിന്ധുമോൾ മത്സരിച്ചത് സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു.
സിന്ധമോളെ പുറത്താക്കി ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെയും പാലാ ഏരിയാ കമ്മിറ്റിയുടെയും നിലപാടിനെ അന്നത്തെ ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ തള്ളിപറഞ്ഞിരുന്നു.
പുറത്താക്കൻ ജില്ല കമ്മിറ്റിക്കാണ് അധികാരമെന്നായിരുന്നു വാസവന്റെ നിലപാട്. രണ്ടാഴ്ച മുന്പു ചേർന്ന കേരള കോണ്ഗ്രസ് സ്റ്റിയറിംഗ് യോഗത്തിൽ സ്റ്റിയറിംഗ് കമ്മിറ്റിയംഗമായി സിന്ധുമോളെ തെരഞ്ഞെടുത്തിരുന്നു.
ഇന്നലെ നടന്ന കേരള കോണ്ഗ്രസ് എം ജില്ലാ നേതൃയോഗത്തിൽ സിന്ധുമോൾ പങ്കെടുത്തു.