സിയൂളിൽ സിന്ധൂരക്കുറി
സിയൂള്‍: ഇന്ത്യക്കു സിന്ധൂരക്കുറിതൊട്ട് പി.വി. സിന്ധു. ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ പരാജയപ്പെടുത്തിയ താരത്തോടു മധുരപ്രതികാരം ചെയ്ത പി.വി. സിന്ധുവിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്. ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്ക്. ഒരു മണിക്കൂര്‍ 24 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സിന്ധുവിന്റെ വിജയം 22-20, 11-21, 21-18 എന്ന സ്കോറിനായിരുന്നു. സിന്ധുവിന് ഇതു മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണ്. നേരത്തെ, ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസും സിന്ധു സ്വന്തമാക്കിയിരുന്നു.
ഇതോടെ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം 4-4 സമനിലയിലായി. ഒകുഹാരയുടെ 14 തുടര്‍വിജയങ്ങള്‍ക്ക് തടയിടാനും ഈ മത്സരത്തോടെ സിന്ധുവിനായി. കൊറിയ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു. 2015ല്‍ അജയ് ജയറാം ഫൈനലിലെത്തിയതാണ് ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഗ്ലാസ്ഗോവില്‍ വച്ചു നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 19- 21, 22-10, 20-22 സ്കോറിനാണ് നൊസോമി സിന്ധുവിനെ പരാജയപ്പെടുത്തിയത്. അതേസമയം, റിയോ ഒളിമ്പിക്സ് സെമിയില്‍ സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയിരുന്നു.
ആവേശകരം ആദ്യഗെയിം
ആദ്യ ഗെയിമില്‍ ഇഞ്ചോടിച്ച് പോരാട്ടത്തിലൂടെയാണ് സിന്ധു ഒകുഹാരയെ മറികടന്നത്. അത്യന്തം ആവേശകരമായ ഗെയിം പലപ്പോഴും 20ലേറെ ഷോട്ടുകള്‍ നീണ്ടു. ഓരോ പോയിന്റ് നേട്ടവും ഇരുവരും ആഘോഷിച്ചു. ലോംഗ് റാലികളില്‍ സിന്ധു മികവു പുലര്‍ത്തിയപ്പോള്‍ സ്മാഷുകളുടെ കൃത്യതയായിരുന്നു ഒകുഹാരയുടെ പ്രത്യേകത. ക്രോസ്കോര്‍ട്ട് ബാക്ഹാന്ഡുകളുടെ ഫലപ്രദമായ പ്രയോഗം ഗെയിം നേടുന്നതിനു സിന്ധുവിനെ സഹായിച്ചു. നാലു പോയിന്റുകളാണ് ഈ രീതിയിലൂടെ സിന്ധു സ്വന്തമാക്കിയത്. 20-20ല്‍ എത്തിയ ശേഷം രണ്ടു ഗെയിം പോയിന്റുകളില്‍ നിന്ന് രക്ഷപ്പെട്ട സിന്ധു മികച്ച റാലിയിലൂടെ പോയിന്റുകള്‍ സ്വന്തമാക്കി ആദ്യഗെയിം സ്വന്തമാക്കി.
വിന്നിംഗ് പോയിന്റിനായി കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ അയഞ്ഞു. വളരെ അനായാസം മുന്നേറാമെന്ന സിന്ധുവിന്റെ അമിത ആത്മവിശ്വാസം തിരിച്ചടിയായി. ഇതോടെ മുന്നേറിയ ഒകുഹാരയെ പിടിച്ചുകെട്ടാന്‍ സിന്ധുവിനായില്ല. ബേസ് ലൈനില്‍ നിരന്തരം പിഴവുകള്‍ വരുത്തിയ സിന്ധുവിനെ ഒകുഹാര അനായാസം പിന്നിലാക്കി. ഔട്ട് ജഡ്ജ്മെന്റുകള്‍ പലപ്പോഴും പിഴച്ചു. 10 പോയിന്റിന്റെ ലീഡ് നേടി കുതിച്ച ഒകുഹാര രണ്ടാം ഗെയിം അനായാസം സ്വന്തമാക്കി.
മൂന്നാം ഗെയിമിലും ഇഞ്ചോടിഞ്ചു പോരാട്ടം നടന്നു. സിന്ധുവിനെ പരാജയപ്പെടുത്തണമെങ്കില്‍ അവരെ ക്ഷീണിപ്പിക്കണമെന്ന് ഒകുഹാരയ്ക്കു നന്നായി മനസിലാക്കിയിരുന്നു. എന്നാല്‍, വന്‍ റാലികളിലൂടെ സിന്ധുവിനെ തളര്‍ത്താനുള്ള ഒകുഹാരയുടെ ഗ്ലാസ്കോ തന്ത്രം ഇവിടെ ഫലിച്ചില്ല. 18-16 ല്‍ 56 ഷോട്ടുകളുടെ റാലിക്കു ശേഷമാണ് സിന്ധു പോയിന്റ് സ്വന്തമാക്കിയത്. മൂന്നു മാച്ച് പോയിന്റ് നേടിയ സിന്ധുവിനോട് ശക്തമായ പോരാട്ടം ഒകുഹാര നടത്തി. ഒടുവില്‍ വനിതാ ബാഡ്മിന്റണ്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ മറ്റൊരു മത്സരത്തില്‍ക്കൂടി സിന്ധു വെന്നിക്കൊടി നാട്ടി.
താന്‍ കണ്ട മികച്ച മത്സരങ്ങളിലൊന്നാണിതെന്ന് സിന്ധുവിന്റെ പരിശീലകന് പുലേല ഗോപിചന്ദ് പറഞ്ഞു. ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനെ ഓര്‍മിപ്പിക്കുന്ന പോരാട്ടമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തയാഴ്ച തുടങ്ങുന്ന ജപ്പാന് സൂപ്പര്‍ സീരീസ് പ്രീമിയറിലും ഇരുവരും പങ്കെടുക്കുന്നുണ്ട്.
സിന്ധുവിന് അഭിനന്ദനപ്രവാഹം
ന്യൂഡല്‍ഹി: കൊറിയ ഒപ്പണ്‍ സൂപ്പര്‍ സീരീസ് നേടിയ പി.വി. സിന്ധുവിന് സമൂഹത്തിന്റെ നാനാ കോണുകളില്‍നിന്നുള്ള അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ മുതലുള്ള പ്രമുഖര്‍ സിന്ധുവിനെ അഭിനന്ദിച്ചു. അഭിനന്ദനങ്ങള്‍, സിന്ധുവിന്റെ പ്രകടനത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു – മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ പ്രതീക്ഷയും പ്രചോദനവുമാണ് സിന്ധുവെന്ന് സച്ചിന് പറഞ്ഞു. മറ്റൊരു വിജയവുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. ക്രിക്കറ്റ് താരങ്ങളായിരുന്ന വി.വി.എസ്. ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ്, ബോക്സര്‍ വിജേന്ദര്‍ സിംഗ്, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങിയവരും സിന്ധുവിനെ അഭിനന്ദിച്ചു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും സിന്ധുവിനെ പ്രശംസിച്ചു.