ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു യോഗ്യതാ പോരാട്ടങ്ങളിലും കാഴ്ചവച്ച ഉജ്വല മികവോടെ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു വര്‍ഷാവസാനത്തെ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സിലേക്കു യോഗ്യത നേടി. ഡിസംബര്‍ 14 മുതല്‍ 18 വരെ ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് സിന്ധു ആദ്യമായിട്ടാണ് യോഗ്യത നേടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച എട്ടു സിംഗിള്‍സ് താരങ്ങളും ഡബിള്‍സ് ടീമും മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് ലോക സൂപ്പര്‍ സീരിസ്.
ഈ സീസണിലെ സൂപ്പര്‍ സീരീസ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക സൂപ്പര്‍ സീരിസില്‍ പങ്കെടുക്കാനുള്ള റാങ്കിംഗ് തീരുമാനിക്കുന്നത്. ചൈന ഓപ്പണിലെ വിജയവും ഹോങ്കോംഗ് ഓപ്പണിലെ ഫൈനല്‍ പ്രവേശനവുമാണ് സിന്ധുവിന് തുണയായത്. 2010 മുതല്‍ ലോക സൂപ്പര്‍ സീരീസിലേക്കു യോഗ്യത നേടിയിട്ടുള്ള സൈന നെഹ്വാളിനു ഇത്തവണ യോഗ്യത നോടാനായില്ല. സിന്ധുവിന് മാത്രമാണ് ഇന്ത്യയില്‍ നിന്നും യോഗ്യത നേടാനായത്.