കുറച്ചുനാളായി വഴുതി മാറിക്കൊണ്ടിരിക്കുന്ന കിരീടം കൈപ്പിടിയില്‍ മുറുക്കാനായി പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനുമിറങ്ങുന്നു. ഈ സീസണില്‍ ഇതിനോടകം മൂന്നു ഫൈനലുകളില്‍ ഇറങ്ങിയ സിന്ധുവിന് നിരാശയായിരുന്നു ഫലം.
ഒരു കിരീടം പോലും നേടാനായില്ല. ഈ തോല്‍വികളൊന്നും തന്റെ ധൈര്യത്തെ കെടുത്തുന്നില്ലെന്നും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനും പുതിയ തുടക്കത്തിനാണ് ഒരുങ്ങുന്നതെന്നും താരം പറഞ്ഞു. 2016 റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയശേഷം സിന്ധു മികച്ച ഫോമിലാണ്. കഴിഞ്ഞ വര്‍ഷം ആറു ഫൈനലില്‍ കയറി. മൂന്നു കിരീടം നേടി.
എന്നാല്‍, തുടർന്ന് ലോക ചാമ്പ്യന്‍ഷിപ്പ്, ഹോങ്കോംഗ് ഓപ്പണ്‍, ദുബായ് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ഈ വര്‍ഷം ഇന്ത്യ ഓപ്പണ്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്ലന്ഡ് ഓപ്പണ്‍ ഫൈനലുകളിലെത്തിയെങ്കിലും കിരീടം നേടാന്‍ മാത്രമായില്ല. തുടർച്ചയായ ഫൈനല്‍ തോല്‍വികള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം വിമര്‍ശനം നേരിടേണ്ടിവരുകയും ചെയ്തിരുന്നു.
എനിക്കറിയാം ചിലപ്പോളൊക്കെ ഞാന്‍ ഫൈനലുകളില്‍ പരാജയപ്പെടുന്നുണ്ടെന്ന്. എപ്പോഴും പോസിറ്റീവും നെഗറ്റീവുമുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിലോ സെമി ഫൈനലിലോ ആണ് പരാജയപ്പെടുന്നതെങ്കില്‍ എന്ത് തെറ്റാണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കും. നന്നായി കളിച്ചെങ്കിലും ഫൈനലില്‍ ജയിക്കാതെയും പോകും- സിന്ധു പറഞ്ഞു.
ചൈനയിലെ നാംഗ്ജിംഗില് തിങ്കളാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ശനിയാഴ്ച സിന്ധു തിരിക്കുമെന്നാണ് കരുതുന്നത്.
സിന്ധുവിന് ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ നൊസോമി ഒകഹാരയെ നേരിടേണ്ടിവന്നേക്കാം. കഴിഞ്ഞ വര്‍ഷത്തെ സിന്ധു-ഒകുഹാര ലോകചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തെ ബാഡ്മിന്റണിലെ ഇതിഹാസമത്സരങ്ങളിലൊന്നായാണ് കരുതുന്നത്. 110 മിനിറ്റാണ് മത്സരം നീണ്ടത്.
അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസും പ്രയാസമുള്ളതാണെന്നു സിന്ധു പറഞ്ഞു. കരോളിന് മാരിന് ഒഴികെയുള്ള എല്ലാ ഏഷ്യന്‍ കളിക്കാരും അവിടെയുണ്ടാകും. അതുകൊണ്ടുതന്നെ ആ മത്സരവും കാഠിന്യമേറിതുതന്നെ- ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പറഞ്ഞു.