നാൻജിങ്: ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു വനിതാ വിഭാഗം സിംഗിൾസ് സെമി ഫൈനലിൽ. 58 മിനിറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ ജാപ്പനീസ് താരം നസോമി ഒകുഹാരയെയാണ് (21-17, 21-19) സിന്ധു നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. അതേസമയം, സൈന നെഹ്വാൾ, സായ് പ്രണീത് എന്നിവർ ക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിലും ഇന്ത്യൻ ടീം പുറത്തായതോടെ ഇനിയുള്ള ഏക പ്രതീക്ഷ സിന്ധുവാണ്.
എട്ടാം സീഡായ ഒകുഹാരയ്ക്കെതിരേ ആദ്യ ഗെയിം 21-17നു സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ജപ്പാൻ താരം 6-0ന് മുന്നിലെത്തി. തുടർന്ന് പൊരുതിക്കയറിയ സിന്ധു 21-19ന് ജയം സ്വന്തമാക്കുകയായിരുന്നു. മൂന്നാം റാങ്കുകാരിയായ സിന്ധുവിന്റെ സെമി എതിരാളി രണ്ടാം സീഡായ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയാണ്.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്വാളിന് ക്വാർട്ടറിൽ അടിപതറി. തുടർച്ചയായ എട്ടാം തവണയായിരുന്നു സൈന ലോകബാഡ്മിന്റണ് ക്വാർട്ടറിൽ ഇടംപിടിച്ചത്. എന്നാൽ, ഏഴാം സീഡായ സ്പെയിനിന്റെ കരോളിന മാരിന്റെ മുന്നിൽ സൈന നിലംപൊത്തി.
വെറും 31 മിനിറ്റിൽ സൈനയെ മാരിൻ കീഴടക്കി. 21-6, 21-11നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. സ്പാനിഷ് താരത്തിന്റെ ആക്രമണത്തിനു മുന്നിൽ സൈനയ്ക്കു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പത്താം തവണയായിരുന്നു ഇരുവരും മുഖാമുഖമെത്തുന്നത്. ജയത്തോടെ സൈനയ്ക്കെതിരായ പോരാട്ടത്തിൽ 5-5ന് മാരിൻ ഒപ്പമെത്തി. സെമിയിൽ ചൈനയുടെ ബിങ്ജിയാവോയാണ് മാരിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ സായ് പ്രണീത് ആറാം സീഡായ കെന്റോ മോമോട്ടയോട് 21-13, 21-11നാണ് പരാജയപ്പെട്ടത്. നിലവിലെ ചാന്പ്യനും ഒന്നാം സീഡുമായ ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെനും ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ചെൻ ലോംഗ് ആണ് 21-18, 21-19ന് അക്സെൽസെന്നിനെ തകർത്തത്.
മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യമായ സാത്വിക്സായ് രാജ് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ക്വർട്ടറിൽ പുറത്തായി. ചൈനീസ് സഖ്യത്തോടാണ് ഇന്ത്യൻ കൂട്ടുകെട്ട് പരാജയപ്പെട്ടത്, 21-17, 21-10.