കൊമേഴ്സ്യൽ വിജയം നേടിയ സിങ്കത്തിനും സിങ്കം 2 വിനും ശേഷം എത്തുന്ന സിങ്കം 3യിൽ അടിയും ഇടിയും തൊഴിയുമെല്ലാം ആവോളം ഉണ്ട്. പക്വതയോടുള്ള അഭിനയ പ്രകടനങ്ങളിൽ നിന്ന് അപക്വമായ പ്രകടനങ്ങളിലേക്ക് തരംതാഴുന്ന നായക നടനെ ചിത്രത്തിൽ കണ്കുളിർക്കെ കാണാനാകും. ഒരു ചിത്രത്തിന്റെ മൂന്നാം ഭാഗമല്ലേ, അപ്പോൾ ഇത്തരി ശൗര്യം കൂട്ടിയില്ലെങ്കിൽ ശരിയാകില്ലല്ലോ എന്ന രീതിയിലുള്ള ദുരൈസിങ്കത്തിന്റെ (സൂര്യ) അമാനുഷിക പ്രകടനം കണ്ടിരിക്കാൻ മനക്കട്ടി ഉള്ളവർക്കു മാത്രമേ പറ്റൂ.
ജീവിതത്തിൽ അസാധ്യമായതെല്ലാം സിനിമയിലൂടെയെങ്കിലും സാധ്യമാക്കാനുള്ള സംവിധായകൻ ഹരിയുടെ ശ്രമമാണ് സിങ്കം3. സിങ്കം തരക്കേടില്ലാത്ത ചിത്രമെന്ന് പറഞ്ഞവർ സിങ്കം2 കണ്ടതോടെ ആ, കുഴപ്പമില്ല എന്ന മട്ടിൽ അങ്ങ് ക്ഷമിച്ചു. അതേ ആൾക്കാർ സിങ്കം3 കാണുന്നതോടെ ഇവനൊന്നും വേറെ പണിയില്ലേടെ എന്നു ചോദിക്കാതിരുന്നാൽ കൊള്ളാം. പോലീസ് ഏമാൻ അക്രമികളെ കുടുക്കാൻ കെണി ഒരുക്കുന്നു, പിന്നെ തുരത്തിയോടിക്കുന്നു. അതോടെ ഹീറോയാകുന്നു. ഇത്തരം ആവർത്തനവിരസതയുമായാണ് സിങ്കം3 സിനിമാപ്രേമികളെ വേട്ടയാടി തുടങ്ങിയിരിക്കുന്നത്.
തമിഴ് സിനിമകളിൽ പതിവുള്ള കത്തികൾ പോട്ടെയെന്നു വയ്ക്കാം, പക്ഷേ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം.. അതാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്. സിങ്കം തന്നടേയ് സമ്മതിച്ചു, അതിന് ഇത്തരത്തിൽ ചെവി അടിച്ചുപോകുംവിധം പശ്ചാത്തല സംഗീതം ഒരുക്കണോ..? തിയറ്റർ വിട്ടുപോയാലും ചെവിയിൽ തുളച്ചുകയറിയ വണ്ടിനെ പോലെ ആ സംഗീതത്തിന്റെ അലയൊലികൾ അലട്ടിക്കൊണ്ടേയിരിക്കും. കൊലക്കേസ് അന്വേഷിക്കാനായി നായകൻ ആന്ധ്രയിൽ എത്തുന്നതോടെയാണ് വേട്ട ആരംഭിക്കുന്നത്. നായകന്റെ എൻട്രി തന്നെ ഫാൻസിനെ കോൾമയിർ കൊള്ളിക്കുംവിധമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നായകന് അസാധ്യമായത് ഒന്നുംതന്നെയില്ല. എല്ലാം മുറപോലെ നടക്കുന്നു.ആക്ഷൻ ചിത്രത്തിൽ കോമഡി തിരുകിക്കയറ്റി പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള സംവിധായകന്റെ ശ്രമവും അന്പേ പരാജയപ്പെട്ടു.
അനുഷ്ക ഷെട്ടിയും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാർ. മിതത്വമുള്ള പ്രകടനം അനുഷ്ക ചിത്രത്തിൽ പുറത്തെടുത്തപ്പോൾ നായകനെ പോലെ തന്നെ ചിത്രത്തിലെ രണ്ടാം നായികയായ ശ്രുതി ഹാസനും നല്ലവണ്ണം വെറുപ്പിക്കൽ പ്രകടനം പുറത്തെടുത്തു. പഞ്ചില്ലാതെ പോയ ഡയലോഗ് പോലെ അത്ര പഞ്ചില്ലായ്മയൊന്നും ആക്ഷൻ രംഗങ്ങൾക്ക് ഇല്ല. പക്ഷേ അത്തരം രംഗങ്ങൾ പൊലിപ്പിക്കാനായി ഒരുക്കിയ പശ്ചാത്തല സംഗീതം ആക്ഷൻ രംഗങ്ങളുടെ ഭംഗിയെ തല്ലിക്കെടുത്തി. ഹാരിസ് ജയരാജ് ഒരുക്കിയ ഗാനങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ ഭീകരതയിൽ നിന്നു രക്ഷിക്കാനെന്നവണ്ണം ഇടയ്ക്കിടെ സിനിമയിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്.
ഒന്നാം പകുതിയിലെ സിങ്ക വേട്ട രണ്ടാം പകുതി ആകുന്നതോടെ ഇരട്ടിവീര്യത്തിലേക്ക് കടക്കുന്നതോടെ വില്ലന്മാർ നന്നേ കിടുങ്ങി തുടങ്ങുന്നു. വില്ലന്മാർക്ക് പിന്നാലെ ഓടി ലക്ഷ്യത്തിലെത്തുംവരെയുള്ള ദുരൈസിങ്കത്തിന്റെ പ്രയാണം മിന്നൽവേഗത്തിലാകുന്നു. തിരക്കഥ രചനാ സമയത്ത് സംവിധായകനിൽ കടന്നുകൂടിയ ഫാന്റസി ലോകം അതേപടി പകർത്തിവയ്ക്കുന്പോൾ സാധാരണക്കാരെക്കുറിച്ച് ചിന്തിച്ചിട്ടില്ലായെന്നത് വ്യക്തം. സിനിമാ ആസ്വാദകരേയും ഫാൻസുകാരേയും രണ്ടുതട്ടിലാക്കി സംവിധായകർ നടത്തുന്ന ഇത്തരം കാഴ്ചകളെ കണ്ടില്ലായെന്നു നടിച്ചു മുന്നോട്ടു പോകുന്തോറും ഇതിലും വലിയ കോപ്രായങ്ങൾ തിയറ്ററുകളിലെത്തും. സഹിക്കുക, അല്ലാതിപ്പോൾ എന്തു ചെയ്യാനാ…
ചിത്രം കാണാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…. അന്നേദിവസം ചെയ്യാനുള്ള കാര്യങ്ങളെല്ലാം ചെയ്തുതീർത്ത ശേഷം മാത്രം തീയറ്ററിൽ പോകുക. സിങ്കവേട്ട കണ്ട് തിരിച്ചിറങ്ങുമ്പോഴേക്കും ഒരു പരുവമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
(ഇതൊക്കെ എന്ത്..! സിങ്കം 4നായുള്ള വാതിൽ സംവിധായകൻ തുറന്നിട്ടുണ്ട്. വൻദുരന്തം വരാനിരിക്കുന്നതേയുള്ളു.)
വി.ശ്രീകാന്ത്