സിംഗപ്പുർ: പി.വി. സിന്ധു, സൈന നെഹ്വാൾ, കെ. ശ്രീകാന്ത്, സമീർ വർമ എന്നിവർ സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിൾസ് ക്വാർട്ടറിൽ. മലയാളിതാരം എച്ച്.എസ്. പ്രണോയ്, പി. കശ്യപ് എന്നിവർ പ്രീക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി സഖ്യവും ക്വാർട്ടറിൽ കടന്നു.
വനിതാ സിംഗിൾസിൽ നാലാം സീഡായ സിന്ധു ഡെന്മാർക്കിന്റെ മിയ ബ്ലിഷ്ഫെൽഡറ്റിനെ 21-13, 21-19നു കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്. സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തായ്ലൻഡിന്റെ ചോചു വെംഗിനെ 21-16, 18-21, 21-19ന് പ്രീക്വാർട്ടറിൽ കീഴടക്കി. പുരുഷ സിംഗിൽസിൽ സമീർ വർമ ചൈനയുടെ ലു ഗ്വാങ്ഷുവിനെ 21-15, 21-18നും ശ്രീകാന്ത് ഡെന്മാർക്കിന്റെ വിറ്റിംഗ്ഹസിനെ 21-12, 23-21നും പ്രീക്വാർട്ടറിൽ മറികടന്നു. ഒന്നാം സീഡായ ജാപ്പനീസ് താരം കെന്റോ മൊമോതയോട് 21-11, 21-11നായിരുന്നു പ്രണോയ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്.
ക്വാർട്ടറിൽ ശ്രീകാന്തിന്റെ എതിരാളി മൊമോതയാണ്. രണ്ടാം നന്പറായ ചൗ ടിൻ ചെൻ ആണ് സമീർ വർമയുടെ എതിരാളി. വനിതാ സിംഗിൾസ് ക്വാർട്ടറിൽ സൈനയുടെ എതിരാളി രണ്ടാം നന്പറായ നൊസോമി ഒകുഹാരയാണ്. ചൈനയുടെ ചായ് യാൻയാൻ ആണ് സിന്ധുവിന്റെ എതിരാളി.