കായംകുളം: സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്.
നൂറോളം പേർ തട്ടിപ്പിനരയായെന്നാണ് പരാതി. ഇതേ തുടർന്ന് തിരുവനന്തപുരം സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.
ഇതിൽ കായംകുളം ,ആലപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കൂടുതൽ പരാതികൾ കിട്ടിയിട്ടുള്ളത്. കായംകുളം പോലീസ് സ്റ്റേഷനിൽ മാത്രമായി നാല്പതോളം പരാതികൾ ലഭിച്ചതായി കായംകുളം സി ഐ മുഹമ്മദ് ഷാഫി രാഷ്ട്രദീപികയോടു പറഞ്ഞു.
ബന്ധുവിനു സിംഗപ്പുരിൽ എച്ച്ആർ പദവിയിൽ ജോലിയുണ്ടെന്നും അവർ വഴി വീസ ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പരാതിയിൽ പറയുന്നു.
രണ്ടു യുവതികളെ ഏജന്റുമാരായി നിയോഗിച്ചായിരുന്നു തട്ടിപ്പ് എന്നു പരാതിക്കാർ പറയുന്നു. ആളുകളിൽനിന്ന് ഒരോ ലക്ഷം രൂപ വീതമാണ് വാങ്ങിയെന്നു പറയുന്നു.
അതേസമയം, തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നതായും പോലീസ് അന്വേഷണം തൃപ്തികരമല്ലന്നും പരാതിക്കാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.