സിംഗപ്പുർ സിറ്റി: ഷോപ്പിംഗ് മാളിൽ മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർഥികളെ കൈയോടെ പൊക്കി സിസിടിവി. ആദ്യശ്രമം വിജയിച്ചതിന് പിന്നാലെ വീണ്ടും മോഷ്ടിക്കാനെത്തിയതായിരുന്നു ഇവർ. എന്നാൽ ഈ തവണ പിടിവീണു. ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും, അർപ്പിത അരവിന്ദുമാണ് അറസ്റ്റിലായത്.
ഒരു ലക്ഷം രൂപ വിലമിതയ്ക്കുന്ന വസ്ത്രങ്ങളാണ് മാളിലെ ബ്രാൻഡ് തുണിക്കടയിൽ നിന്നും ഇവർ മോഷ്ടിച്ചത്. 1778 സിംഗപ്പൂർ ഡോളർ വിലയുള്ള 64 വസ്ത്രങ്ങൾ ഒക്ടോബർ മാസത്തിൽ പ്രതികൾ മോഷ്ടിച്ചിരുന്നു.
തങ്ങൾ മോഷ്ടിച്ചില്ലെന്ന് ആദ്യം പ്രതികൾ പറഞ്ഞെങ്കിലും പിന്നീട് ഇവർ കുറ്റം സമ്മതിച്ചു. കോമളും അർപ്പിതയും സ്റ്റുഡന്റ് വിസയിൽ സിംഗപ്പൂരെത്തിയതാണ്.
ഇരുവരും ഇന്ത്യക്കാരായ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് തുണിക്കടയിൽ മോഷണം നടത്തിയതെന്നാണ് വിവരം.
കോമളിനും അർപ്പിതയ്ക്കുമൊപ്പം താമസിക്കുന്നവരാണ് മോഷണത്തിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. നവംബർ 22ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഒരാൾക്ക് 65 ദിവസവും മറ്റൊരാൾക്ക് 40 ദിവസവും തടവ് വിധിച്ചു.
പദ്ധതി പ്രകാരം തുണിക്കടയിലെത്തിയ ഇവർ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. തുടർന്ന് വസ്ത്രങ്ങളിൽ നിന്നും പ്രൈസ് ടാഗുകൾ മാറ്റി. ഇങ്ങനെ ചെയ്തതിനാൽ ബിൽ ചെയ്തില്ലെങ്കിലും വസ്ത്രങ്ങൾ പുറത്തേക്ക് കൊണ്ടുപോകാമെന്നായി.
സെൽഫ് ചെക്കൗട്ട് ഏരിയയിൽ നിന്ന് ടോട്ട് ബാഗുകൾ വാങ്ങി അതിൽ വസ്ത്രങ്ങൾ ഇട്ടതിന് ശേഷം ഇവർ സ്ഥലം വിട്ടു. സംശയം തോന്നിയ കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്.