മന്ത്രവാദിയുടെ വാക്കുകേട്ട് വീട്ടില്‍ ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന് കുടുങ്ങി.
അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു.
മൂന്ന് തമിഴ്സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്. നന്നായി കവിതയെഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ വ്യക്തിജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി.
ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധന് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും മന്ത്രവാദി വിശ്വസിപ്പിച്ചു.
ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന് പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു.
ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ എക്സൈസിനെ അറിയിക്കുകയായിരുന്നു.
കണ്ടെടുത്ത കഞ്ചാവ് ചെടികള്‍ക്ക് 134 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട്. മൂന്ന് മാസം പ്രായമുള്ള ചെടികള്‍ പൂക്കാറായതായിരുന്നു.