കീർത്തി കാർമൽ ജേക്കബ്
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് – ഉറങ്ങുന്പോൾ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതെന്താണോ അതായിരിക്കണം സ്വപ്നമെന്ന്. സിനിമയിൽ പാടിയ ആദ്യ പാട്ടിലെ ആദ്യ വരിതന്നെ, “സ്വപ്നം ത്യജിച്ചാൽ ദുഃഖം മറക്കാം…’ എന്നായിരുന്നെങ്കിലും ഭാരതീയ ജനതയുടെ പ്രിയനേതാവിന്റെ വാക്കുകൾക്കായിരുന്നു അശ്വതി വിജയൻ എന്ന ഗായികയുടെ മനസിൽ കൂടുതൽ സ്ഥാനം. അതുകൊണ്ടുതന്നെയാണ് പൂർണമായും സംഗീതത്തോടു ചേർന്നുള്ള ഒരു ജീവിതം എന്ന തന്റെ സ്വപ്നത്തെ പിന്തുടരാൻ അശ്വതി തീരുമാനിച്ചത്.
സാധാരണക്കാരിൽ സാധാരണക്കാരിയായ ഗായിക
ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ് അശ്വതി ജനിച്ചതും വളർന്നതും. മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂളിൽ സംഗീതാധ്യാപികയായിരുന്ന അമ്മയുടെ ശിക്ഷണത്തിൽ സംഗീതപഠനം ആരംഭിച്ചു എന്നത് മാത്രമാണ് അശ്വതിയെ സംബന്ധിച്ച് പ്രത്യേകത. ചേട്ടൻ പാടുന്നതും ചേട്ടനെ പഠിപ്പിക്കുന്നതും കേട്ടാണ് അശ്വതി ശാസ്ത്രീയ സംഗീതം പഠിച്ചും പാടിയും തുടങ്ങിയത്. അതാകട്ടെ, അമ്മ എന്നു പറയാൻ തുടങ്ങിയ കാലത്തും. പിന്നീട് നിരവധി അധ്യാപകരുടെ കീഴിലായി ശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുകയും അത് ഇന്നും തുടരുകയും ചെയ്യുന്നു.
തീർന്നില്ല, വയലിൻ, മൃദംഗം, നൃത്തം, പിയാനോ തുടങ്ങി സംഗീതലോകത്ത് അശ്വതി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. നഴ്സറി ക്ലാസുകൾ മുതൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അശ്വതി സ്കൂൾ കാലഘട്ടത്തിൽ സബ്ജില്ലാ, റവന്യുജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകപ്പട്ടം ചൂടിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദീപിക ചിൽഡ്രൻസ് ലീഗിന്റെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ തുടർച്ചയായി നാലുവർഷം വിജയിയായതും അശ്വതിയായിരുന്നു.
സംഗീതത്തിലെ രാജാവിനും രാജ്ഞിക്കുമൊപ്പം “രാക്ഷസരാജാവിൽ’
2001ൽ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന വിനയൻ ചിത്രത്തിൽ യേശുദാസിനും ചിത്രയ്ക്കുമൊപ്പം “”സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും… ദുഃഖം മറന്നാൽ ശാന്തി ലഭിക്കും…” എന്ന ഗാനം പാടിയാണ് ബിഗ്സ്ക്രീനിൽ അശ്വതി തന്റെ പേരുകുറിച്ചത്. ഇതുകൂടാതെ ജയരാജിന്റെ കാമൽ സഫാരി എന്ന സിനിമയിലൂടെയും തന്റെ സ്വരമാധുര്യം മലയാള സംഗീതാസ്വാദകരെ അശ്വതി കേൾപ്പിച്ചു. എന്നാൽ, ഭക്തിഗാനരംഗത്തിലൂടെയാണ് അശ്വതി എന്ന ഗായികയുടെ ശബ്ദമാധുര്യം മലയാളികൾ ആസ്വദിച്ചത്.
ഒഴുക്കിനൊപ്പമുള്ള നീന്തൽ
2009നുശേഷം നാലുവർഷത്തേക്ക് ഒഴുക്കിനൊപ്പമുള്ള നീന്തലിലായിരുന്നു അശ്വതിയും. പ്ലസ്ടുവിൽ സയൻസ് ഗ്രൂപ്പെടുത്ത് ഉയർന്ന മാർക്കോടെ പാസായ ഏതൊരു വിദ്യാർഥിയേയുംപോലെ അശ്വതിയും എൻജിനിയറിംഗിനു ചേർന്നു. എൻജിനിയറിംഗിൽ ബിരുദവും കാന്പസ് സെലക്ഷനിലൂടെ ലഭിച്ച ജോലിയുമായി വാഴക്കുളം വിശ്വജ്യോതി കോളജിനോടു വിടപറഞ്ഞെങ്കിലും അശ്വതിയുടെ ജീവിതകഥയിൽ ഒരു വഴിത്തിരിവുണ്ടായത് അതിനു ശേഷമാണ്.
അസാധാരണമായ ട്വിസ്റ്റ്
പഠനകാലത്ത് സ്വപ്നം കണ്ടിരുന്ന ജോലി നേടിയിട്ടും അശ്വതിക്കു സന്തോഷിക്കാനായില്ല. കാരണം അങ്ങനെയൊരു ജോലിയായിരുന്നില്ല അശ്വതി തന്റെ ഉപബോധ മനസിൽ കാത്തുസൂക്ഷിച്ചിരുന്നത്. ജീവിതത്തിലെ നിർണായക ഘട്ടത്തിൽതന്നെ അതുമനസിലാക്കി അവൾ തന്റെ സ്വപ്നങ്ങളെ തേടിയിറങ്ങി. സ്വപ്നം മറ്റൊന്നുമായിരുന്നില്ല, അമ്മ എന്ന് വിളിച്ചു തുടങ്ങിയ നാൾ മുതൽ അമ്മ പകർന്നു നല്കിയ സംഗീതത്തിൽ കൂടുതൽ കൂടുതൽ അറിവുകൾ സന്പാദിച്ച് ഉയരങ്ങൾ കീഴടക്കുക. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറയുന്നതുപോലെ ഓണ്ലൈൻ സംഗീതക്ലാസുകളെക്കുറിച്ച് ആയിടയ്ക്ക് അശ്വതി അറിയാനിടയായി. കൂടുതലറിയാൻ ഗൂഗിളിൽ വിശദമായി പരതി.
നോട്ട്സ് ആൻഡ് ബീറ്റ്സ് എന്ന ഏജൻസി അമേരിക്കയിലുള്ള ഇന്ത്യൻ കുട്ടികളെ കർണാടക സംഗീതം പഠിപ്പിക്കാൻ ആളെ തേടുന്ന സമയമായിരുന്നു അത്. ഉടൻ തന്നെ അശ്വതി അവർക്ക് തന്റെ ബയോഡേറ്റ അയച്ചുകൊടുത്തു. അഭിമുഖങ്ങൾക്കുശേഷം പ്രാരംഭഘട്ടം എന്നവണ്ണം രണ്ടുകുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല അശ്വതിക്കു ലഭിക്കുകയും ചെയ്തു.
ജീവിതം മാറ്റിമറിച്ച നോട്ട്സ് ആൻഡ് ബീറ്റ്സ്
ഒരു കുട്ടിക്ക് ആഴ്ചയിൽ ഒരു മണിക്കൂറാണ് ക്ലാസ്. ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന് 3500 രൂപ. ഇപ്പോൾ ഏഴു കുട്ടികൾ അശ്വതിയുടെ കീഴിൽ ഓണ്ലൈനായി സംഗീതം അഭ്യസിക്കുന്നു. 20 കുട്ടികളാണ് കന്പനിയുടെ ടാർജറ്റ്. അതു തികയുന്പോൾ മാസാവസാനം 70,000 രൂപയാവും പ്രതിഫലം. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ താമസമാക്കിയ ദക്ഷിണേന്ത്യൻ കുട്ടികളാണധികവും. അതിരാവിലെയും രാത്രിയിലുമായാണ് ക്ലാസ്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് വെബ് കാമറയും മൈക്രോഫോണുമായി അശ്വതി വീട്ടിൽ തയാറായിരിക്കും. വിദ്യാർഥി കൂടിയെത്തിയാൽ ക്ലാസ് ആരംഭിക്കുകയായി.
കഴിവുണ്ടോ? അവസരങ്ങൾ തേടിയെത്തും
യഥാർഥ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകയില്ലെന്നതിന് ഉദാഹരണമാണ് പിന്നീട് അശ്വതിയുടെ ജീവിതത്തിൽ സംഭവിച്ചത്. അശ്വതി വിജയൻ എന്ന സംഗീതാധ്യാപികയുടെ മികവ് സംഗീതാഭിരുചിയുള്ള വിദേശ ഇന്ത്യക്കാർക്കിടയിൽ പാട്ടായി. ഇപ്പോൾ കന്പനിക്കു പുറത്തുനിന്നുള്ള വിദേശി കുട്ടികൾക്കും ഓണ്ലൈനായി അശ്വതി ക്ലാസെടുത്തു കൊടുക്കുന്നുണ്ട്. അതിൽ കൂടുതലും മലയാളികളാണുള്ളത്. ഇതിനുള്ള പ്രതിഫലം വേറെയാണ്. ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും മാത്രമായി 750 ലധികം ഗാനങ്ങൾ അശ്വതി പാടിക്കഴിഞ്ഞു. സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലേത് വേറെ. സമയം കിട്ടുന്നതനുസരിച്ച് സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.
ഡക്കേം തബലേം
വിശ്വജ്യോതി കോളജിൽ അശ്വതിയും, ഏതാനും സുഹൃത്തുക്കളും ചേർന്ന് ഒരു ബാൻഡ് ഉണ്ടാക്കിയിരുന്നു. കോഴ്സ് കഴിഞ്ഞപ്പോഴാണ് ടീം തുടർന്നുകൊണ്ടുപോവുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഡക്കേം തബലേം പിറവിയെടുക്കുന്നതങ്ങനെയാണ്. അതേക്കുറിച്ച് അശ്വതി തന്നെ പറയട്ടെ… “”കോളജ് വിട്ടശേഷം സംഗീതവുമായുള്ള ബന്ധം വിട്ടുപോവാതിരിക്കാനും കൂടുതൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും സൗഹൃദം നിലനിർത്തിക്കൊണ്ടുപോവുന്നതിനുമായി രൂപം കൊടുത്തതാണ് ഡക്കേം തബലേം എന്ന കൂട്ടായ്മ.
ഞാനും ആഷിൻ ഷാജനാണ് വോക്കൽ ചെയ്യുന്നത്. ജോഷ്വാ കെ. വിജയനാണ് പ്രോഗ്രാമർ. കീബോർഡ് സേതുമാധവൻ. എല്ലാവർക്കും സമയം ഒത്തുവരുന്ന ദിവസങ്ങളിൽ പ്രാക്ടീസും ഷൂട്ടിംഗുമൊക്കെ നടത്തുകയാണ് പതിവ്. കവർ സോംഗ്സും ഓണ് കോംപോസിഷൻസുമൊക്കെയായി വളരെ ഭംഗിയായി അതിപ്പോൾ മുന്നോട്ട് പോവുന്നുമുണ്ട്. ഡക്കേം തബലേം എന്ന പേരിൽ തന്നെ തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പിലും ഞങ്ങൾക്കിപ്പോൾ ധാരാളം ഫോളോവേഴ്സ് ഉണ്ട്. അത് ഞങ്ങൾക്ക് നല്ലൊരു പ്രോത്സാഹനമാണ്. ഇന്നലെ സജ്ന എന്ന പേരിലുള്ള ഞങ്ങളുടെ പുതിയ ആൽബം റിലീസായി. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ത്രില്ലിലാണിപ്പോൾ ഡക്കേം തബലേം ടീം.”
സ്വപ്നങ്ങൾക്കും സംഗീതമയം
സംഗീതം പഠിക്കുക, വീണ്ടും പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഇതാണ് എന്റെ എക്കാലത്തെയും സ്വപ്നം. സംഗീതത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും ആഗ്രഹമുണ്ട്. കുറേ ആൽബങ്ങൾക്കു വേണ്ടി വരികൾ എഴുതി. കോന്പോസിഷൻസ് തന്നത്താനെ ചെയ്തുതുടങ്ങി. ആലാപനത്തിനു പുറമേ സംഗീതത്തിലെ മറ്റ് മേഖലകളിലും, കാലഘട്ടത്തിൽ വരുന്ന മാറ്റങ്ങളനുസരിച്ച്, പരീക്ഷണങ്ങൾ നടത്താനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനും ആഗ്രഹമുണ്ട്. ഇഷ്ടപ്പെട്ട സംഗീതജ്ഞരുടെ ലിസ്റ്റിൽ ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര തുടങ്ങി നിരവധി പേരുകളുണ്ട്. പക്ഷേ, അവരിലാരെയെങ്കിലും പോലെയാകണമെന്ന് ചിന്തിച്ചിട്ടില്ല. മറിച്ച്, ഓരോരുത്തരിൽനിന്നും നല്ലത് സ്വീകരിച്ച് എന്റേതായ ശൈലി വികസിപ്പിക്കുന്നതിലാണ് താത്പര്യം. അതിനായുള്ള ശ്രമത്തിലാണിപ്പോൾ.
കരുത്ത്, കൂടെനിൽക്കുന്ന കുടുംബം
സംഗീതം ജീവിതത്തോട് ചേർത്തുവച്ചത് അമ്മ മോഹനകുമാരി തന്നെ. കൃത്യമായി പരിശീലനം നല്കിയും പ്രാക്ടീസ് ചെയ്യിപ്പിച്ചും കഴിവിനെ വളർത്തിയതും അമ്മയാണ്. സംഗീതാധ്യാപികയായി 34 വർഷം സേവനം ചെയ്തതിനുശേഷമാണ് അമ്മ റിട്ടയർ ചെയ്തത്. പിന്നീട് വീട്ടിൽ സംഗീതക്ലാസുകൾ എടുത്തു തുടങ്ങി. 40 കുട്ടികളുണ്ട് ഇപ്പോൾ. പരിശീലനം ഒന്നും നേടിയിട്ടില്ലെങ്കിലും അച്ഛൻ വിജയനും പാട്ട് പാടുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ്. സംഗീതമായിരുന്നു പാഷനെങ്കിലും ടെക്നിക്കൽ ഫീൽഡായിരുന്നു ചേട്ടൻ അജിത്തിനു കൂടുതലിഷ്ടം. അതുകൊണ്ട് ആ മേഖലയിലേയ്ക്കു മാറി. ഇപ്പോൾ സൗണ്ട് എൻജിനിയറായി എറണാകുളത്ത് ജോലി ചെയ്യുന്നു. ചേട്ടന്റെ ഭാര്യ ഹിമ പൈനാവിൽ എൻജിനിറാണ്.