നിയന്ത്രണങ്ങളില്ലാത്ത സോഷ്യല്‍മീഡിയയില്‍ എന്തും പറയാവുന്ന അവസ്ഥയാണുള്ളത്. ഒരാളുടെ ജീവിതം തകര്‍ക്കാനും സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കാനും സോഷ്യല്‍മീഡിയയ്ക്ക് സാധിക്കുന്നു. ഇത്തരത്തില്‍ അപമാനം ഏറ്റുവാങ്ങിയവരിലെ അവസാനത്തെ ഇരയാണ് ഗായിക ഗൗരിലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഗൗരിക്ക് അധിക്ഷേം ഏറ്റുവാങ്ങേണ്ടിവന്നത്. എതിര്‍ത്തപ്പോള്‍ അസഭ്യമായിരുന്നു മറുപടി. ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഗൗരിയെ ഫോണ്‍ വിളിക്കാനുള്ള ശ്രമവും അയാള്‍ നടത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗായിക പോലീസില്‍ പരാതി നല്‍കിയെങ്കിലും എന്തോ തെറ്റു ചെയ്‌തെന്ന മട്ടിലാണ് പോലീസ് വിഷയത്തെ കൈകാര്യം ചെയ്തത്. സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ച് അന്വേഷിച്ചു. അപ്പോഴും പരാതിക്കാരിയുടെ ഭാഗത്തു തെറ്റുണ്ടെന്ന നിലയിലായിരുന്നു സംസാരം.
പോലീസുകാര്‍ മാത്രമല്ല സാധാരണക്കാരും ഇത്തരത്തിലാണ് ചിന്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ് അവരുടെ പോസ്റ്റിന് കിട്ടിയിരിക്കുന്ന ചില കമന്റുകള്‍. ‘എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചെയ്യുന്ന കാര്യം തന്നെയാണിത്. പെണ്‍കുട്ടികള്‍ മാത്രം അതെല്ലാം പരസ്യമാക്കി പ്രശ്‌നമാക്കും. പ്രശ്‌നങ്ങള്‍ക്കു കാരണവും പെണ്‍കുട്ടികള്‍ തന്നെയാണ്. പെണ്‍കുട്ടികള്‍ അവരവര്‍ക്ക് അറിയാവുന്നവരെ മാത്രമേ കൂട്ടുകാരായി ഫെയ്‌സ്ബുക്കില്‍ ചേര്‍ക്കാന്‍ പാടുള്ളൂ. അറിയാത്തവരെ കൂട്ടുകാരാക്കുന്നത് എന്തിനാണ്? നമ്മളിടുന്ന പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ലൈക്ക് കിട്ടാന്‍ വേണ്ടി മാത്രം കൂട്ടുകാരാക്കുന്നത്’ ഇത്തരത്തില്‍ ഗായികയെ കുറ്റപ്പെടുത്തുന്ന നിരവധി കമന്റുകളും വന്നിട്ടുണ്ട്.