കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹൻദാസ് (27) അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്നു. പെരുന്പാവൂർ വളയംചിറങ്ങര സ്വദേശിനിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്ക് പോകുന്ന വഴി എംസി റോഡിൽ കാലടി താന്നിപ്പുഴയിൽ വച്ച് മിനി ലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഞ്ജനയെന്ന വിദ്യാർഥിനിക്കും പരിക്കേറ്റിരുന്നു.