തിരുവനന്തപുരം: ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചു. പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര (30) ആണ് മരിച്ചത്. കഴിഞ്ഞ 14ാം തീയതി ശാര്‍ക്കര അമ്പലത്തില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു അത്യാഹിതം.
രാത്രി 11 മണിയോടെ വേദിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആദ്യം ചിറയിന്‍കീഴിലെ ഒരു ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഷാനവാസിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയശേഷം ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
തിരുവനന്തപുരം സൂര്യകല, തിരുവനന്തപുരം ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേളരംഗത്ത് ചുവടുവച്ച ഷാനവാസ് കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പിലെ സജീവപ്രവര്‍ത്തകനായിരുന്നു. മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഏറ്റവുംകൂടുതല്‍ ഗാനമേള ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന യുവഗായകന് എന്ന സ്ഥാനവും ഷാനവാസിനുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഇദ്ദേഹം വേദികള്‍ കീഴടക്കിയിരുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: ഷംല. മക്കള്‍: നസ്രിയ, നിയ.