വണ്ടിത്താവളം: ജനത്തിരക്കേറിയ വണ്ടിത്താവളം തങ്കം തീയേറ്റർ റോഡിൽ യാത്രക്കാർ മുറിച്ചു നടക്കാൻ സീബ്ര ലൈൻ ഉണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് മനസിലാക്കാനുള്ള തിരിച്ചറിയൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് വൈദ്യുതി തൂണിന്റെ പിൻവശത്ത് മറവിൽ. രണ്ടാഴ്ച മുൻപ് റോഡിനു എതിർ വശത്തേക്ക് മറികടക്കുന്നതിനിടെ ബൈക്കിടിച്ച മധ്യവയസ്കയുൾപ്പെടെ അഞ്ചു മരണങ്ങൾ ഈ സ്ഥലത്തു നടന്നിട്ടുണ്ട്.
വിവിധ അപകടങ്ങളിലായി മുപ്പ തിലധികം പേർക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. ഇതിനു ശേഷം വാഹനമോടിക്കുന്നവർക്ക് സീബ്ര ലൈൻ ഉണ്ടെന്ന് തിരിച്ചറിയാനാണ് നൂറു മീറ്റർ അകലെ പൊതുമരാമത്ത് സിഗ്നൽ ബോർഡ് പ്രഹസനമായി സ്ഥാപിച്ചിരിക്കുന്നത്.
ബോർഡിനു മറവായി ചെടി തൂപ്പുകളും വളർന്നു നിൽപ്പുണ്ട്. അഞ്ചു വർഷം മുൻപാണ് കോടികൾ ചിലവഴിച്ച് മീനാക്ഷിപുരം കൊടുവായൂർ റബ്ബറൈസ്ഡ് പാത നിർമ്മിച്ചത്. റോഡ് വികസനത്തോടൊപ്പം യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ ഉതകുന്ന തിരിച്ചറിയൽ ബോർഡു പല സ്ഥലത്തും സ്ഥാപിച്ചിട്ടില്ല.
ഇക്കാരണത്താൽ തന്നെ കന്നിമാരി മുതൽ മേട്ടു പാളയം വരെ നടന്ന വിവിധ അപകടങ്ങളിലായി മുപ്പതിൽ കൂടുതൽ പേർ മരണപ്പെട്ടിട്ടുമുണ്ട്. തുടർ അപകടങ്ങളും നടന്നു വരുന്ന തങ്കം ജംഗ്ഷനിൽ ഫലപ്രദമായ രീതിയിൽ റോഡിനിരുവശത്തും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണമെന്നതാണ് യാത്രക്കാരുടേയും സമീപവാസികളുടേയും അടിയന്തരാവശ്യം.