
ഫ്രാങ്കോ ലൂയിസ്
തൃശൂർ: എവിടെയെല്ലാം പോയെന്നും ആരുമായെല്ലാം സന്പർക്കമുണ്ടെന്നും അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ചോരുമെന്നു ഭയന്ന് വാട്സ്ആപിൽനിന്ന് കൂട്ടപ്പലായനം. വാട്ട്സ്ആപിനേപ്പോലെത്തന്നെ പ്രവർത്തിക്കുന്ന സിഗ്നൽ എന്ന ആപിലേക്കാണു കൂടുതൽപേരും കൂടുമാറുന്നത്.
അടുത്ത മാസം എട്ടു മുതൽ വാട്ട്സ്ആപിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനാലാണ് സ്വകാര്യത ആഗ്രഹിക്കുന്നവരെല്ലാം കൂട്ടത്തോടെ രക്ഷപ്പെടുന്നത്.
അടുത്ത മാസം എട്ടാം തീയതി മുതൽ പ്രാബല്യത്തിലാകുന്ന പുതിയ ചട്ടങ്ങൾ സ്വീകാര്യമാണെന്ന് അംഗീകരിക്കുന്നവർക്കേ വാട്സ്ആപ് സേവനം തുടരാനാകൂവെന്ന് കഴിഞ്ഞ നാലാം തീയതി അറിയിപ്പു നൽകിയിരുന്നു.
ഇതനുസരിച്ച് മിക്കവരും വാട്ട്സ്ആപിന്റെ പുതിയ വ്യവസ്ഥകൾ അംഗീകരിച്ചിരുന്നു. അംഗീകരിക്കാൻ മടിക്കുന്നവരുടെ വാട്്ആപ് ബന്ധം അടുത്ത ദിവസങ്ങളിലായി വിച്ഛേദിക്കും.
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സന്പർക്ക മാധ്യമമായ വാട്സ്ആപിനെ 2014 ൽ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. 2012 ൽ ഇൻസ്റ്റാഗ്രാമിനേയും ഫേസ്ബുക്ക് വിലയ്ക്കെടുത്തിരുന്നു.
ഫേസ് ബുക്ക്, ഫേസ് ബുക്കിന്റെ എഫ്ബി മെസഞ്ചർ, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ പരസ്പരം സമന്വയിപ്പിക്കുകയാണെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ഫേസ് ബുക്ക് മേധാവി സർക്കർബർഗ് പ്രഖ്യാപിച്ചത്.
ഈ സാമൂഹ്യ മാധ്യമങ്ങളിൽ അംഗങ്ങളായവരുടെ ഫോണ് നന്പരും അവർ എവിടെയെല്ലാം പോകുന്നുവെന്നും അടക്കമുള്ള വിവരങ്ങൾ ആവശ്യക്കാർക്കു കൈമാറാനുള്ള അവകാശം ഫേസ്ബുക്കിനും വാട്സ്ആപിനുമെല്ലാം ഉണ്ടെന്ന പുതിയ നിർദേശമാണ് എല്ലാവരേയും വാട്സ്ആപിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നത്.
വാട്സ്ആപിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളും ചോരും. ആരുമൊക്കെയായി സന്പർക്കം പുലർത്തുന്നുവെന്നും ഫേസ് ബുക്ക് നിരീക്ഷീച്ച് അവശ്യക്കാർക്കു വിവരം നൽകാനാണു പരിപാടി.
വ്യക്തിപരമായ വിവരങ്ങളെല്ലാം ചോർത്തുന്ന വാട്സ്ആപ്, ഫേസ്ബുക്ക് നീക്കങ്ങളിൽ വലിയൊരു വിഭാഗം ആളുകളും അസംതൃപ്തരാണ്. ഭീതിയോടെയാണ് അവർ ഇതിനെ കാണുന്നത്.
അതിനാലാണ് പ്ലേ സ്റ്റോറിൽനിന്ന് സിഗ്നൽ എന്ന പുതിയ ആപ് ഡൗണ്ലോഡ് ചെയ്ത് വാട്സ്ആപ്പിനോടു വിടപറയുന്നത്. വാട്സ്ആപിലെ ചങ്ങാതിമാരോടെല്ലാം സിഗ്നലിലേക്കു മാറുകയാണെന്ന് അറിയിച്ചുകൊണ്ടാണ് ഈ കൂട്ടപ്പലായനം.