വെഞ്ഞാറമൂട് : അച്ഛാ ഞങ്ങളുടെ അമ്മയെവിടെ… പതിനാല് വയസുകാരൻ അരവിന്ദും പതിനാറ് വയസുകാരൻ അനന്തു വും ഈ ചോദ്യം ചോദി ക്ക ു ന്പോൾ ആരും ഒന്നു കുഴങ്ങി പോകും. മൂന്നു ദിവസമായി കാണാതായ ഇവരുടെ അമ്മയുടെ മൃതദേഹം വീടിനു സമീപത്തെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചു മൂടിയ നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്.
വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്നു ഹരിജൻ കോളനിയിൽ സിനി (32) നെയാണ് ഭർത്താവ് കുട്ടൻ (50)അടിച്ചു കൊന്നു സെപ്റ്റിക് ടാങ്കിൽ കുഴിച്ചു മൂടിയത്. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ കുട്ടൻ സിനിയെ മൃഗീയമായി മർദിച്ചു. ഇത് തടയാൻ ചെന്ന ഇവരുടെ മക്കളായ അനന്തുവിനെയും അരവിന്ദിനെയും ഇയാൾ മർദിച്ചു.
അമ്മയെ മർദിക്കാനുപയോഗിച്ച മരക്കഷണം കൊണ്ടുള്ള അടിയേറ്റ് കുട്ടികൾ ഇരുവരും വീട് വിട്ടിറങ്ങിയോടി അമ്മുമ്മയുടെ വീട്ടിൽ അഭയം പ്രാപിച്ചു. പിറ്റേന്ന് രാവിലെ സ്കൂളിൽ പോകാനായി അരവിന്ദ് രാവിലെ വീട്ടിലേക്കു വന്നപ്പോൾ അച്ഛൻ വീടിനു സമീപത്തെ സെപ്റ്റിക് ടാങ്ക് മണ്ണിട്ട് മൂടുകയായിരുന്നു.
അമ്മ എവിടെ അച്ഛാ എന്ന് ചോദിച്ചപ്പോൾ… അവൾ അമ്മയുടെ വീട്ടിൽ പോയി എന്ന് പറഞ്ഞു. വൈകുന്നേരം ആയപ്പോഴും അമ്മയെ കാണാത്തതിനാൽ ഇരുവരും പരിഭ്രാന്തരായി. പിന്നീട് അച്ഛനും വീട്ടിൽ വന്നില്ല. ഇന്നലെ രാവിലെ അമ്മയെ കാണാനില്ലെന്ന് അരവിന്ദ് പറഞ്ഞതനുസരിച്ചു വീട്ടിലെത്തിയ യുവതിയുടെ സഹോദരൻ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്ക് മൂടിയ നിലയിൽ കണ്ടത്.
സംശയം തോന്നി മണ്ണ് മാറ്റിയപ്പോൾ രൂക്ഷമായ ദുർഗന്ധം ഉയർന്നു. തുടർന്ന് ഇയാൾ അറിയിച്ചതനുസരിച്ചു വെഞ്ഞാറമൂട് എസ് ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ കോളനിയിലെ ജനങ്ങൾ ഞെട്ടലിലാണ്.
സംഭവ ശേഷം കുട്ടനെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയുടെ കാൽ അടിച്ചൊടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു ഇയാൾ പുറത്തിറങ്ങിയിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.