ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: കോവിഡ് എന്നു കേട്ടാൽ പലരും ആവശ്യത്തിലേറെ പേടിക്കുകയും സഹായം ചെയ്യാൻ പോലും മടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇതാ ഒരു വീട്ടമ്മ കോവിഡുമായി നേരിട്ടു പോരാട്ടത്തിൽ.
കണ്ടെയ്ന്റ്മെന്റ് സോണെന്നും ഹോട്ട് സ്പോട്ടെന്നുമൊക്കെ കേട്ടാൽ ഉടനെ പേടിച്ചു സ്ഥലംവിടുന്നവരു മുന്നിലൂടെ തന്റെ വാഹനവുമായി ഒാടി നടക്കുകയാണ് ഈ യുവതി.
കോവിഡ് ബാധിത മേഖലകളിൽ സ്രവ ശേഖരണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും വാഹനത്തിലെത്തിച്ചാണ് സിനി സാബു വേറിട്ട മാതൃകയാകുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാഹനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ജോലിയേറ്റെടുത്ത കേരളത്തിലെ ഏക വനിതയാണ് തൊടുപുഴ മണക്കാട് പുതുപ്പരിയാരം സ്വദേശിനിയായ മുക്കുടിക്കൽ സിനി.
അയൽവാസിയായ യുവാവാണ് ആരോഗ്യവകുപ്പിനു വാഹനം ആവശ്യമുണ്ടെന്ന കാര്യം സിനിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു സിനി.
യൂണിറ്റിന്റെ വാഹമോടിക്കുകയും ചെയ്തിരുന്നു. കൂടാതെ വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്.
കോവിഡ് പ്രവർത്തനങ്ങൾക്കായി വാഹനമോടിച്ചാൽ ഒരു മാസം 37,000 രൂപ ലഭിക്കും. പ്രതിഫലം മാത്രമല്ല ഇക്കാര്യത്തിൽ സിനി പരിഗണിച്ചത്. കോവിഡ് കാലത്തെ സാമൂഹ്യപ്രതിബദ്ധത കൂടിയായിരുന്നു.
അവർ അന്പരന്നു
ആദ്യം ഭർത്താവ് സാബുവിനും കുടുംബാംഗങ്ങൾക്കും ജോലി ഏറ്റെടുക്കുന്നതിനോട് എതിർപ്പായിരുന്നു. സിനിയുടെ നിർബന്ധം മൂലം പിന്നീടു സമ്മതം മൂളി. ഇപ്പോൾ സാബുവിന്റെയും മക്കളായ ആനിന്റെയും അനുഗ്രഹയുടെയും പൂർണ പിന്തുണയുമുണ്ട്.
കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനം ഓടിക്കാനെത്തിയ വീട്ടമ്മയെ കണ്ടപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരും ആദ്യം അത്ഭുതപ്പെട്ടു. പിന്നീട് ഇവരും മോട്ടോർവാഹന വകുപ്പും വലിയ പിന്തുണ നൽകിയതോടെ സിനിയുടെ ആത്മവിശ്വാസം വർധിച്ചു.
സ്രവ പരിശോധനയ്ക്കായി പ്രത്യേക രീതിയിൽ വാഹനത്തിനു രൂപ മാറ്റം വരുത്തി. സൈഡ് ഗ്ലാസ് മാറ്റി പുറമെ ഇരിക്കുന്ന ആളിൽനിന്നു സ്രവം ശേഖരിക്കുന്ന തരത്തിലാണ് വാഹനം രൂപമാറ്റം ചെയ്തെടുത്തത്. സിനി ഇരിക്കുന്ന ഡ്രൈവർ കാബിൻ അക്രിലിൻ ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
മാസ്കും കൈയുറയും
മറ്റ് ആരോഗ്യ പ്രവർത്തകർ സുരക്ഷാ കിറ്റ് ധരിച്ചാണ് വാഹനത്തിൽ സഞ്ചരിക്കുന്നതെങ്കിലും സിനി മാസ്ക്കും കൈയുറയും മാത്രമാണ് ധരിക്കുന്നത്. എങ്കിലും ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കും.
രാവിലെ വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ തിരികെ എത്തിയതിനു ശേഷമാണ് പലപ്പോഴും ഭക്ഷണം കഴിക്കൽ. വീട്ടിലെത്തിയാൽ കുളിച്ചു വസ്ത്രം മാറിയതിനു ശേഷമാണ് അകത്തു പ്രവേശിക്കുന്നത്.
തന്റെ ജീവിതരീതി തന്നെ പുതിയ ദൗത്യത്തോടെ മാറിയെങ്കിലും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കാലത്തോളം ജോലി തുടരാനാണ് സിനിയുടെ തീരുമാനം. സംഭവം റിസ്കാണെങ്കിലും വെല്ലുവിളിയേറ്റെടുക്കുകയായിരുന്നുവെന്നാണ് ഇക്കാര്യത്തിൽ സിനിയുടെ മറുപടി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം ഡ്രൈവർമാർ ഉണ്ടെങ്കിലും ഇവരിലെ ഏക വനിതയായ സിനിയെ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.